ഷുഹൈബ് വധം: സംസ്ഥാന തലത്തില്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

single-img
16 February 2018

ടി.പി ചന്ദ്രശേഖരന്‍ വധം സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെതിരെ നടത്തിയ പ്രചാരണം പോലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണവുമായി രംഗത്ത്. വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക് പോകുമെന്നും കെ.സുധാകരന്‍ പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിട്ടുണ്ട്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും കേസിലെ ഒരു പ്രതിയെ പോലും പിടിക്കാന്‍ പോലീസിന് കഴിയാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് പ്രതികളെ രക്ഷിച്ചതെന്നും മറ്റ് സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടന്ന് ഇടപെടുന്ന പോലീസ് ഇവിടെ നോക്കുകുത്തിയായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികള്‍ സഞ്ചരിച്ച കാറിന് വേണ്ടിയോ അക്രമികള്‍ക്ക് വേണ്ടിയോ പോലീസ് അന്വേഷണം നടത്തിയില്ല.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം ഗുണ്ടകള്‍ പരോളില്‍ ഇറങ്ങിയാണ് കൃത്യം നടത്തിയതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അറിഞ്ഞുള്ള കൊലപാതകമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ജയരാജന്‍ അറിയാതെ സിപിഎം കണ്ണൂര്‍ ജില്ലയില്‍ കൊല നടത്തില്ലെന്നും നേതൃത്വത്തിന്റൈ വ്യക്തമായ പങ്ക് ആക്രമണത്തിനുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മട്ടന്നൂരില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ ഷുഹൈബിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ റിമാന്‍ഡിലായ ഷുഹൈബിനെ ജയിലില്‍ വച്ച് വധിക്കാനും സിപിഎമ്മുകാര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്. ഇതിനായി ശുഹൈബ് അടക്കമുള്ളവരെ സബ് ജയിലില്‍ നിന്നും സ്‌പെഷല്‍ ജയിലില്‍ എത്തിച്ചു. എന്നാല്‍ താന്‍ ജയില്‍ ഡിജിപിയെ ബന്ധപ്പെട്ടാണ് ഇവരെ സബ് ജയിലില്‍ തിരിച്ചെത്തിച്ചതെന്നും അല്ലെങ്കില്‍ അവിടെ വച്ച് തന്നെ ഷുഹൈബിനെ വധിക്കുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കേസില്‍ ഒന്നും ചെയ്യാന്‍ പോലീസിന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. സിപിഎം നിശ്ചയിക്കുന്നത് പോലെയാണ് പോലീസ് പെരുമാറുന്നത്. പോലീസിനെ നോക്കുകുത്തിയാക്കി കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങി കഴിഞ്ഞു. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട് എന്നാണ് സൂചനകള്‍