റിയാദില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നില്ല: തീരുമാനം വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി

single-img
16 February 2018

കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് സൗദി തലസ്ഥാനമായ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഏതാനും ദിവസത്തേക്കു കൂടി പൊടിക്കാറ്റ് തുടരുമെന്നാണു പ്രവചനം. പൊടിക്കാറ്റിനെത്തുടര്‍ന്നു മിക്കയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്.

പൊടിക്കാറ്റിനെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുഴുവന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സന്ററുകള്‍ക്കും അടിയന്തിര ചികിത്സക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഈ ആഴ്ച കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥ/പരിസ്ഥിതി സംരക്ഷണ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയുടെ വടക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, മധ്യ പ്രവിശ്യ എന്നിവിടങ്ങളില്‍ അന്തരീക്ഷ താപം ഉയരാനും ശക്തമായ പൊടിക്കാറ്റിനും കൂടുതല്‍ സാധ്യതയുണ്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയുളള കാറ്റ് അന്തരീക്ഷത്തെ പൊടിപടലം കൊണ്ടുമൂടും. ഇത് ദൂരക്കാഴ്ച ഇല്ലാതാക്കും. ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ/പരിസ്ഥിതി സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.