ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് പി.സി. വിഷ്ണുനാഥ്

single-img
16 February 2018


തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതലകള്‍ ഉള്ളതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിഷ്ണുനാഥ് വിശദമാക്കി.

ചെങ്ങന്നൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ആളാണ് വിഷ്ണുനാഥ്. എന്നാല്‍, 2016 ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി കെ.കെ രാമചന്ദ്രന്‍ നായരോട് 7983 വോട്ടിന് പരാജയപ്പെട്ടു. കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്ഥാനാര്‍ഥിയായി വിഷ്ണുനാഥിനായിരുന്നു കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രഥമ പരിഗണന. വിജയസാധ്യത വിലയിരുത്താന്‍ അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന ഘട്ടത്തിലാണ് തന്‍െറ നിലപാട് എ.ഐ.സി.സി സെക്രട്ടറി കൂടിയായ പി.സി.വിഷ്ണുനാഥ് വ്യക്തമാക്കിയത്.