നീരവ് മോദി: സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായം തേടി

single-img
16 February 2018


ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ പിടിക്കാന്‍ സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായം തേടുന്നു. രാജ്യം വിട്ട മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചിട്ടുണ്ട്. നാലാഴ്ചക്കകം ഇന്ത്യയില്‍ തിരിച്ചത്തെിയില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കും. ഫെബ്രുവരി 23 ന് മുംബൈ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദിക്കും ബിസിനസ് പങ്കാളി മെഹുല്‍ ചോക്സിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സമന്‍സ് അയച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 11 സംസ്ഥാനങ്ങളിലായി 35 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. 549 കോടി രൂപയുടെ സ്വര്‍ണവും വജ്രവുമാണ് പുതിയതായി കണ്ടെത്തിയത്. ഇതോടെ റെയ്ഡില്‍ ആകെ പിടിച്ചെടുത്തവയുടെ മൂല്യം 5649 കോടി രൂപയായി. പ്രതികളുടേതായി 29 സ്ഥാവരവസ്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

മകാവു, ബീജിങ്, ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവിടങ്ങളിലുള്ള വജ്രവ്യാപാര കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തരുതെന്ന് മോദിയുടെ കമ്പനിയുടെ ഹെഡ്ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നീരവ് മോദി ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്ട്മെന്‍റിലാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മോദി എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.