സ്വതന്ത്ര ഇന്ത്യക്കും മുമ്പ് തുടങ്ങിയ കാവേരി നദീതട തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി: തമിഴ്‌നാടിന് തിരിച്ചടി; കര്‍ണാടകത്തിന് അധിക ജലം

single-img
16 February 2018

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞു. തമിഴ്‌നാടിന് 192 ടിഎംസി ജലം കൊടുക്കണമെന്ന ട്രൈബ്യൂണല്‍ വിധിയില്‍ കുറവുവരുത്തി 177.25 ടിഎംസി ജലം മാത്രം നല്‍കിയാല്‍ മതിയെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.

കേരളവും തമിഴ്‌നാടും കര്‍ണാടകവും പുതുച്ചേരിയും കക്ഷികളായ കേസില്‍ കര്‍ണാടകത്തിന് 14.75 അധികമായി നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ഇതോടെ തമിഴ്‌നാടിന്റെ വിഹിതം 419 ടിഎംസിയില്‍നിന്ന് 404.25 ടിഎംസിയായി കുറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

കൂടുതല്‍ വിഹിതം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി, മുന്‍വിഹിതം തുടരാനും നിര്‍ദ്ദേശിച്ചു. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടിഎംസി എന്ന അളവു തുടരാനാണ് സുപ്രീംകോടതി വിധിച്ചത്.

പുതുച്ചേരിക്കും കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച ഏഴ് ടിഎംസി വിഹിതം തുടരും. 2007ലെ കാവേരി ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് തമിഴ്‌നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഒരു സംസ്ഥാനത്തിനും പ്രത്യേകം അവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കാവേരി തര്‍ക്കത്തിന്റെ നാള്‍വഴികള്‍

കാവേരി നദി തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും ജീവന്റെയും സംസ്‌ക്കാരത്തിന്റെയും ഉറവയാണ്. രണ്ട് സംസ്ഥാനങ്ങളുടെയും കാര്‍ഷിക, സാമ്പത്തിക വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും കാവേരിയിലെ വെള്ളം അത്യന്താപേക്ഷിതമാണ്. നാട്ടുരാജ്യങ്ങളായിരുന്ന മദിരാശിയും മൈസുരുവും തമ്മിലാണ് കാവേരിയിലെ വെള്ളം വീതംവെയ്ക്കാന്‍ കരാര്‍ ഒപ്പിട്ടത്.

ആയിരത്തിതൊളളായിരത്തി ഇരുപത്തിനാലില്‍. അമ്പതുവര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ റദ്ദായി. 1990 ല്‍ തമിഴ്‌നാടിന്റെ ആവശ്യപ്രകാരം കാവേരിജല തര്‍ക്കപരിഹാരട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കര്‍ണാടക ഇരുനൂറ്റിയഞ്ച് ടിഎംസി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് ട്രൈബ്യൂണല്‍ ഇടക്കാലഉത്തരവിട്ടു.

ഇതോടെ കര്‍ണാടകം പോരാട്ടം കടുപ്പിച്ചു. ഉത്തരവിനെതിരെ കര്‍ണാടകം ഓര്‍ഡിനന്‍സിറക്കി. എന്നാല്‍ സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കി. എന്നിട്ടും വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടക തയ്യാറായില്ല. തൊണ്ണൂറ്റിമൂന്ന് ജൂലൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നിരഹാരസമരം തുടങ്ങിയതോടെ കാവേരിതര്‍ക്കം ആളിക്കത്തി.

രണ്ടായിരത്തിരണ്ടില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാവേരി ജല അതോറിറ്റിയോഗം ഒന്‍പതിനായിരം ക്യൂസെക്‌സ് വെള്ളം കര്‍ണാടകം നല്‍കണമെന്ന് നിര്‍ദേശിച്ചു. തീരുമാനത്തില്‍ തമിഴ്‌നാട് തൃപ്തരായില്ല.

കര്‍ണാടകയിലെ കര്‍ഷകന്‍ കബനിയില്‍ ചാടി ആത്മഹത്യചെയ്തതോടെ കര്‍ഷകരോഷം തിളച്ചുമറിഞ്ഞു. പതിനാറ് വര്‍ഷത്തെ വാദങ്ങള്‍ക്ക്‌ശേഷം രണ്ടായിരത്തി ഏഴില്‍ തമിഴ്‌നാടിനും കര്‍ണാടകത്തിനും കേരളത്തിനും പുതുച്ചേരിക്കും കാവേരിയിലെ വെള്ളം വീതിച്ചുനല്‍കി ട്രൈബ്യൂണ്‍ ഉത്തരവിട്ടു.

പക്ഷെ, കര്‍ണാടക വഴങ്ങിയില്ല. തമിഴ്‌നാടിന് കൂടുതല്‍ ജലം അനുവദിച്ചുവെന്ന് കര്‍ണാടക ആരോപിച്ചു. മൂന്ന് സര്‍ക്കാരുകളും സുപ്രീംകോടതിയിലേക്ക്. കഴിഞ്ഞ സെപ്റ്റംബര്‍ 20 ന് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.