താക്കൂര്‍ തകര്‍ത്തു; ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യക്ക് വിജയലക്ഷ്യം 205 റണ്‍സ്

single-img
16 February 2018


സെഞ്ചൂറിയന്‍: അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ. മീഡിയം പേസ് ബൗളര്‍ ഷര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകളുമായി തകര്‍ത്ത മത്സരത്തില്‍ 46.5 ഓവറില്‍ 204 റണ്‍സിന് ആതിഥേയര്‍ പുറത്തായി. അര്‍ധശതകം നേടിയ ഖയ സോണ്ടോയും വാലറ്റത്ത് 34 റണ്‍സുമായി അന്‍ഡെയ്ല്‍ ഫെഹ്ലുക്വായോയും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് പ്രോട്ടീസിന് ആശ്വസിക്കാന്‍ അല്‍പ്പമെങ്കിലും വക നല്‍കിയത്.

ഓപ്പണിങ്ങില്‍ ഹാഷിം അംലയെയും(10) എയ്ഡന്‍ മര്‍ക്രമിനെയും(24) പുറത്താക്കി താക്കൂര്‍ ആണ് ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ, എ.ബി.ഡിവില്ലിയേഴ്സും ഖയ സോണ്ടോയും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. എന്നാല്‍, യുസ്വേന്ദ്ര ചഹലിന്‍െറ പ്രഹരം ഡിവില്ലിയേഴ്സിനെ(30) മടക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍റിച് ക്ലാസെന്‍(22) സോണ്ടോക്ക് തുണയാകുമെന്ന് കരുതിയെങ്കിലും ജസ്പ്രീത് ബുംറയുടെ രൂപത്തില്‍ ഇന്ത്യക്ക് രക്ഷയത്തെി. 22 റണ്‍സുമായി ക്ലാസെന്‍ മടങ്ങിയതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ കൂട്ടത്തകര്‍ച്ച. ഫര്‍ഹാന്‍ ബെഹര്‍ദീന്‍(ഒന്ന്) ഷര്‍ദുല്‍ താക്കൂറിന് മുന്നിലും ക്രിസ് മോറിസ്(നാല്) കുല്‍ദീപ് യാദവിന് മുന്നിലും വീണു. അധികം വൈകാതെ സോണ്ടോയും വീണു. 74 പന്തില്‍ 54 റണ്‍സ് എടുത്ത സോണ്ടോയെ ചഹല്‍ ആണ് തിരിച്ചയച്ചത്.

ഏഴിന് 151 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ മോണി മോര്‍ക്കല്‍-ഫെഹ്ലുക്വായോ കൂട്ടുകെട്ടാണ് പിന്നീട് നയിച്ചത്. 20 റണ്‍സെടുത്ത മോര്‍ക്കലിനെ വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ ആ കൂട്ടുകെട്ട് തകര്‍ത്തതോടെ 200 റണ്‍സ് പോലും തികക്കാനാകാതെ കിതക്കുന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ഇമ്രാന്‍ താഹിര്‍(രണ്ട്) ബുംറയുടെ പന്തില്‍ ഒമ്പതാമനായി മടങ്ങിയ ശേഷമാണ് ഫെഹ്ലുക്വായോ സ്കോര്‍ 200 കടത്തിയത്. എന്നാല്‍ 47ാം ഓവറില്‍ സ്വന്തം പന്തില്‍ ഫെഹ്ലുക്വായോയെ പിടിച്ച് ഷര്‍ദുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കന്‍ വീഴ്ച പൂര്‍ത്തിയാക്കി. 8.5 ഓവറില്‍ 52 റണ്‍സ് നല്‍കിയാണ് താക്കൂര്‍ നാല് വിക്കറ്റെടുത്തത്. ബുംറയും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.