ഇനി പരസ്യങ്ങള്‍ ശല്യമാകില്ല: പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം

single-img
16 February 2018

പരസ്യങ്ങള്‍ ശല്യമാകാതിരിക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം. ഇതിനായി ആഡ് ബ്ലോക്കര്‍ സംവിധാനം ഡിഫോള്‍ട്ടായി സെറ്റ് ചെയ്യും. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗൂഗിള്‍ ക്രോം വൈസ് പ്രസിഡന്റ് രാഹുല്‍ റോയ് ചൗധരി പറഞ്ഞു.

എന്നാല്‍ എല്ലാ പരസ്യങ്ങളെയും ബ്ലോക്ക് ചെയ്യുന്നത് വിവിധ സൈറ്റുകളേയും പരസ്യദാതാക്കളെയും വേദനിപ്പിക്കുമെന്നും അതിനാല്‍ ശല്യം ചെയ്യുന്ന പരസ്യങ്ങളാണ് ബ്ലോക്ക് ചെയ്യുന്നതെന്നും റോയ് ചൌധരി പറഞ്ഞു. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഡിഫോള്‍ട്ട് ആയി ആഡ് ബ്ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ബ്രൗസറിന് വേഗത കൈവരുമെന്നാണ് കമ്പനിയുടെ അവകാശവാദം.

കോയലേഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്‌സ് എന്ന സംഘടനയില്‍ നിന്നുമാണ് ഇത്തരമൊരു ആശയം വന്നത്. ബ്രൗസറില്‍ വന്നുപോകുന്ന ആനിമേറ്റഡ് ബാനര്‍, ആട്ടോമേറ്റഡ് പരസ്യ വീഡിയോ എന്നിവ നല്‍കുന്ന കമ്പനികളുടെ വെബ്‌സൈറ്റുകളുമായി ഗൂഗിള്‍ നേരിട്ട് ബന്ധപ്പെടുകയും തങ്ങളുടെ പരസ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്യും.

30 ദിവസത്തിനകം മാറ്റങ്ങള്‍ വരുത്താത്ത പക്ഷം ആ പരസ്യ കമ്പനിയെ ബ്ലോക്ക് ചെയ്യുന്ന രീതിയിലാകും ആഡ് ബ്ലോക്കറിന്റെ പ്രവര്‍ത്തനം. 2017 ഏപ്രിലിലാണ് ആദ്യമായി ഇത്തരമൊരു ആശയം നിര്‍ദേശിക്കപ്പെട്ടത്. പരസ്യ രംഗത്തെ പ്രമുഖരായ യൂണിലിവര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ന്യൂസ് കോര്‍പ് തുടങ്ങിയവരാണ് CBAയില്‍ അംഗങ്ങളായി ഉള്ളത്.