വിദേശ വനിതയെ പീഡിപ്പിച്ച് പണംതട്ടിയെ വൈദികന്‍ കോടതിയില്‍ കീഴടങ്ങി

single-img
16 February 2018

ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യുസ് പള്ളി വികാരി ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തില്‍ വൈക്കം കോടതിയിലാണ് കീഴടങ്ങിയത്. മലപ്പുറം സ്വദേശിയായ അഭിഭാഷകന്റെ സഹായത്തോടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഫാദര്‍ തോമസ് കീഴടങ്ങിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ വൈദികനെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വൈദികനെതിരെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പൊലീസ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങും. കല്ലറയിലെ മഹിളാമന്ദിരത്തിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോള്‍ കഴിയുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഫാദര്‍. തോമസ് തന്നെ പീഡിപ്പിക്കുകയും വജ്രാഭരണവും പണവും തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരി കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വൈദികന്‍ മുങ്ങി. ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പള്ളി വികാരിസ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപതാ നീക്കം ചെയ്തിരുന്നു. അജപാലന ഉത്തരവാദിത്തങ്ങളില്‍നിന്നും ഔദ്യോഗികമായ എല്ലാ കൃത്യനിര്‍വഹണങ്ങളില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തി.

അന്വേഷണങ്ങളോടു പൂര്‍ണമായി സഹകരിക്കുമെന്നും രൂപതാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കേസില്‍ കുടുക്കി അപമാനിക്കുന്നതിനാണു യുവതിയുടെ ശ്രമമെന്ന് ഫാ. തോമസ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തനിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തിയെന്നും സിംബാബ്‌വെ സ്വദേശിയായ യുവാവിനൊപ്പമാണ് വന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചതായാണു പരാതി.

വിദേശത്തേക്കു തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലില്‍ വച്ച് വീണ്ടും കണ്ടതായും സ്വര്‍ണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞെന്നും മൊഴിയില്‍ പറയുന്നു.