കാവേരി നദീജല തര്‍ക്കം: വിധിയില്‍ കര്‍ണാടകക്ക് സന്തോഷം, തമിഴ്നാട്ടില്‍ അസ്വസ്ഥത

single-img
16 February 2018


ന്യൂഡല്‍ഹി: അയല്‍സംസ്ഥാനങ്ങളെ കലാപഭൂമിയാക്കുന്ന കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കര്‍ണാടകക്ക് കൂടുതല്‍ ജലം നല്‍കാനുള്ള വിധിയില്‍ അവര്‍ സന്തോഷിക്കുമ്പോള്‍ തമിഴ്നാട്ടില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങി. 2007 ല്‍ തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ചതിനെക്കാള്‍ 14,750 മില്യണ്‍ കൂബിക് അടി ജലമാണ് കര്‍ണാടകക്ക് അധികം നല്‍കാന്‍ വെള്ളിയാഴ്ച സുപ്രീംകോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് കാവേരി കേസില്‍ വിധി പറഞ്ഞത്.

നദിയുടെ ഉടമസ്ഥത ഒരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയില്ല എന്ന പ്രസ്താവനയോടെയാണ് വിധി പ്രഖ്യാപനം സുപ്രീംകോടതി ആരംഭിച്ചത്. സംസ്ഥാനന്തര ഡാമായ ബിലിഗുണ്ഡുലുവില്‍ നിന്ന് 177.25 ടിഎംസി ജലം തമിഴ്നാടിന് നല്‍കാന്‍ കര്‍ണാടകയോട് നിര്‍ദേശിച്ചു. കര്‍ണാടകക്ക് 284.75 ടിഎംസി ആണ് ലഭിക്കുക. 2007 ലെ ട്രൈബ്യൂണല്‍ 270 ടിഎംസി ജലമായിരുന്നു കര്‍ണാടകക്ക് അനുവദിച്ചിരുന്നത്. തമിഴ്നാടിന് 419 ടിഎംസി ട്രൈബ്യൂണല്‍ നല്‍കിയ സ്ഥാനത്ത് ഇനി 404.25 ടിഎംസി ആണ് ഇനി ലഭിക്കുക. ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസിയും പുതുച്ചേരിക്ക് നല്‍കിയ ഏഴ് ടിഎംസിയും മാറ്റമില്ലാതെ തുടരും. ബംഗളൂരു നഗരത്തിലെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കുടിവെള്ള ആവശ്യവും വ്യാവസായിക ആവശ്യങ്ങളും കണക്കിലെടുത്താണ് കര്‍ണാടകക്ക് കൂടുതല്‍ ജലം നല്‍കുന്നതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

വിധിയില്‍ സന്തോഷമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പ്രതികരിച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശയുടേതാണ്. കാവേരി പ്രശ്നത്തില്‍ തമിഴ്നാടിന് കരുണാനിധി നേടിക്കൊടുത്ത അവകാശങ്ങള്‍ എ.ഐ.എ.ഡി.എം.കെ കളഞ്ഞുകുളിച്ചതായി പ്രതിപക്ഷ നേതാവ് എ.കെ സ്റ്റാലിന്‍ പറഞ്ഞു. ‘‘തമിഴ്നാട് വഞ്ചിക്കപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കര്‍ഷകരുടെ അസോസിയേഷനെ ഉള്‍ക്കൊള്ളിച്ച് സര്‍വകക്ഷിയോഗം വിളിക്കണം’’-സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ റിവ്യു പെറ്റീഷന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാടിന് ലഭിക്കുന്ന ജലത്തിന്‍െറ അളവില്‍ കുറച്ചുകൊണ്ടുള്ള വിധി ഞെട്ടിച്ചതായി കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം, നദിയുടെ ഉടമസ്ഥാവകാശം ഒരു സംസ്ഥാനത്തിനുമില്ല എന്ന പ്രഖ്യാപനം സംതൃപ്തി നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിധി രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട കമല്‍, സംസ്ഥാനങ്ങള്‍ തമ്മില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു.
അതേസമയം, വിധിയില്‍ കര്‍ഷക സമൂഹം സന്തുഷ്ടരാണെന്ന് തമിഴ്നാട് ഫാര്‍മേഴ്സ് അസോസിയേഷന്‍ നേതാവ് പി.ആര്‍. പാണ്ഡ്യന്‍ വ്യക്തമാക്കി. തങ്ങളുമായി കവേരി ജലം ഒരിക്കലും പങ്കുവെക്കപ്പെടില്ല എന്ന് കരുതിയിടത്ത് നിന്ന് ആര്‍ക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനാകില്ല എന്ന വിധി വന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് കര്‍ഷകര്‍ കരുതുന്നത്.