ട്വന്റി-20 ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ച് ഓസ്‌ട്രേലിയ: ന്യൂസിലാന്‍ഡിനെതിരെ ലോകറെക്കോഡ് ജയം

single-img
16 February 2018

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. സ്‌കോര്‍; ന്യൂസിലാന്‍ഡ് 243/6 (20), ഓസ്‌ട്രേലിയ 245/5(18.5).

ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഇത്രയും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വെടിക്കെട്ടിന്റെ മാസ്മരികത സമ്മാനിച്ച മത്സരമായിരുന്നു ഈഡന്‍ പാര്‍ക്കിലേത്. മത്സരത്തില്‍ 32 സിക്‌സറുകള്‍ പിറന്നു.

മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് കിവീസ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണറായി ഇറങ്ങിയ ഗുപ്റ്റില്‍ 54 പന്തില്‍ 9 സിക്‌സറുകളും 4 ഫോറുകളും ഉള്‍പ്പടെ 105 റണ്‍സാണ് അടിച്ച് കൂട്ടിയത്. 33 പന്തില്‍ 76 റണ്‍സ് നേടിയ കോളിന്‍ മണ്‍റോ ഗുപ്റ്റിലിന് മികച്ച പിന്തുണ നല്‍കി.

ഇരുവരും പുറത്തായതിന് ശേഷം റണ്‍സ് ഉയര്‍ത്താന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. എങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന സ്‌കോര്‍ സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡിന് കഴിഞ്ഞു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍ വിജയലക്ഷ്യം 18.5 ഓവറിലാണ് കംഗാരുക്കള്‍ മറികടന്നത്.

76 റണ്‍സെടുത്ത ഷോര്‍ട്ടും 24 പന്തുകളില്‍ നിന്നും 59ലേക്ക് കുതിച്ച നായകന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഓസീസ് ജയം അനായാസമാക്കിയത്. നായകന്‍ പുറത്തായതിന് ശേഷം ഓപ്പണര്‍ നവാഗത താരം ആര്‍ക്കി ഷോട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്.

44 പന്തില്‍ 76 റണ്‍സ് നേടി ഷോര്‍ട്ട് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് അടുപ്പിച്ചു. പിന്നാലെ എത്തിയ ആരോണ്‍ ഫിഞ്ച് അതിവേഗം ഓസ്‌ട്രേലിയക്ക് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. 14 പന്തില്‍ 36 റണ്‍സാണ് ഫിഞ്ച് അടിച്ചത്. ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോററായ ആര്‍ക്കി ഷോര്‍ട്ടാണ് കളിയിലെ താരം.