യുവ ഹുങ്കാര്‍ റാലിയുടെ ആകാശദൃശ്യങ്ങള്‍ പുറത്ത്: അമിത് ഷായെ പൊളിച്ചടുക്കി കോണ്‍ഗ്രസ്

single-img
16 February 2018

അമിത് ഷാ നേതൃത്വം നല്‍കിയ യുവ ഹുങ്കാര്‍ റാലി വന്‍ വിജയമായിരുന്നുവെന്ന ബിജെപിയുടെയും അമിത് ഷായുടെയും അവകാശവാദങ്ങളെ പൊളിച്ചടുക്കി കോണ്‍ഗ്രസ്. റാലിയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് അമിത് ഷായെ കോണ്‍ഗ്രസ് പരിഹസിച്ചത്.

യുവ ഹുങ്കാര്‍ റാലി വന്‍ വിജയമായിരുന്നുവെന്നാണ് ബിജെപിയും ദേശീയ അധ്യക്ഷനും അവകാശപ്പെട്ടത്. ഇതിന്റെ തെളിവായി വേദിയുടെ മുന്‍ഭാഗത്തുനിന്നുള്ള ഏതാനും ചിത്രങ്ങളും അമിത് ഷാ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഹരിയാനയിലെ ജിന്ദ് ജില്ലയിലായിരുന്നു യുവ ഹുങ്കാര്‍ റാലി.

ഹരിയാനയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാരിനെയും അഴിമതിരഹിതമായ ഒരു സംസ്ഥാനത്തെയും സൃഷ്ടിച്ചുവെന്നായിരുന്നു ബിജെപി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. ഇതിന് ജനങ്ങളുടെ സ്വീകാര്യത എന്ന നിലയ്ക്കായിരുന്നു അമിത് ഷാ പങ്കുവെച്ച ജനക്കൂട്ടത്തിന്റെ ചിത്രം.

എന്നാല്‍ കോണ്‍ഗ്രസ് വക്താവും ഹരിയാന കോണ്‍ഗ്രസ് നേതാവുമായ രണ്‍ദീപ് സര്‍ജേവാല പുറത്തുവിട്ട വീഡിയോ, റാലിയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ്. ബിജെപി പ്രതീക്ഷിച്ച ജനാവലിയുടെ നാലിലൊന്ന് പോലും റാലിയില്‍ പങ്കെടുത്തില്ലെന്ന് വെളിവാക്കുന്നതാണ് വീഡിയോ. വേദിയില്‍ സജീകരിച്ച ആയിരക്കണക്കിന് കസേരകളാണ് കാലിയായി കിടന്നത്.

അതിനിടെ റാലിയ്ക്ക് മുന്നോടിയായി ജിന്ദ് മേഖലയില്‍ അമിത് ഷായ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. അമിത് ഷായ്ക്ക് കരിങ്കൊടികാട്ടിയ നിരവധി പേരെ പൊലീസും പാരാമിലിറ്ററി സേനയും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു.