അന്ധവിശ്വാസത്തിന്‍െറ പേരില്‍ ‘സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ’ ദിനത്തില്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന ദമ്പതികള്‍ പിടിയിലായി

single-img
16 February 2018


ഹൈദരാബാദ്: ജനുവരി 31 ന് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദിനത്തില്‍ അന്ധവിശ്വാസത്തിന്‍െറ ഭാഗമായി പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കാര്‍ ഡ്രൈവറായ കെരുകൊണ്ട രാജശേഖരന്‍ എന്നയാളും ഭാര്യ ശ്രീലതയുമാണ് ഹൈദരാബാദ് പോലീസിന്‍െറ പിടിയിലായത്. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ഇവര്‍ കുഞ്ഞിനെ ബലിനല്‍കിയതാണെന്ന് പോലീസ് പറഞ്ഞു.

ഈ ഡ്രൈവറുടെ വീടിന്‍െറ ടെറസില്‍ നിന്നാണ് ഫെബ്രുവരി ഒന്നിന് പെണ്‍കുഞ്ഞിന്‍െറ തല കണ്ടെത്തിയത്. കേസ് അന്വേഷണത്തിനിടയില്‍ പല കഥകളും പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ദമ്പതികള്‍ ശ്രമിച്ചത്. എന്നാല്‍, ഡി.എന്‍.എ ടെസ്റ്റിലൂടെ സത്യം പുറത്തുവന്നു.

ഫുട്പാത്തില്‍ മാതാപിതാക്കളുടെ അടുത്ത് കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ രാജശേഖരന്‍ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ, പ്രതാപസിങ്കരത്തുള്ള മുസി നദിക്കരിയില്‍ കൊണ്ടുപോയി തലയറുത്ത് കൊന്നു. ഉടല്‍ നദിയില്‍ ഉപേക്ഷിച്ച ശേഷം പൂജയ്ക്ക് വേണ്ടി തല പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് വീട്ടിലെത്തിച്ചു. ലിവിങ് റൂമില്‍ വച്ച് പൂജ ചെയ്തതിന് ശേഷം ടെറസില്‍ തെക്ക് പടിഞ്ഞാറന്‍ മൂലയില്‍ സ്ഥാപിക്കുകയായിരുന്നു.