കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ പ്രചരണം: വടക്കന്‍ ജില്ലകളില്‍ മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

single-img
16 February 2018

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ പ്രചാരണം ശക്തമായതോടെ വടക്കന്‍ ജില്ലകളില്‍ മാര്‍ക്കറ്റിങ്ങ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. സാമൂഹ്യമാധ്യമങ്ങളിലെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നിരവധി കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണം മൂലം വീടുകളിലെത്തി സാധനങ്ങള്‍ വിറ്റഴിച്ച് ജീവിതം നടത്തുന്നവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇതുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവര്‍ പറയുന്നു..വീടുകളില്‍ പോയി സാധനങ്ങള്‍ വില്‍പന നടത്താന്‍ സാധിക്കാതെയായിട്ട് ഒരു മാസമായി.

വീടുകളില്‍ എത്തിയാല്‍ ചീത്ത പറഞ്ഞ് ഭീഷണി ഉയര്‍ത്തുകയാണ്. നാല് ജില്ലകളിലായി 7000 ത്തോളം പേരാണ് ഡയറക്ട് മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. സംസ്ഥാനത്ത് ആറ് ലക്ഷത്തിലധികം പേര്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് ജോലിയില്‍ ഏര്‍പ്പെടുന്നവരാണ്.

എല്‍ഐസി ഏജന്റുമാര്‍, ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍സ് എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍, മണ്‍ചട്ടി വില്‍പന നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്നില്ല.

കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ ഇത് വിശ്വസിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാരും പോലീസും നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.