യു.എ.ഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ വേതനവ്യവസ്ഥകളും നിയമന നടപടികളും കൂടുതല്‍ സുതാര്യമാകും

single-img
15 February 2018


ഇന്ത്യന്‍ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് യു.എ.ഇ.പുതിയ പോര്‍ട്ടല്‍ തയ്യാറാക്കുന്നു. യു.എ.ഇ.യിലെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയുടെ ഓണ്‍ലൈന്‍ സംവിധാനമായ ഇമൈഗ്രേറ്റുമായി പുതിയ പോര്‍ട്ടലിനെ ബന്ധിപ്പിക്കും.

ഇന്ത്യയില്‍നിന്ന് തന്നെ തൊഴിലാളികള്‍ക്ക് ജോലിക്കായി അപേക്ഷ സമര്‍പ്പിക്കാനും തൊഴില്‍കരാര്‍ പരിശോധിക്കാനും പുതിയ പോര്‍ട്ടല്‍ വഴി സാധിക്കും. ഇന്ത്യയില്‍ നിന്നുതന്നെ ഈ സംവിധാനത്തില്‍ തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താമെന്ന് യു.എ.ഇ.മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ നുഐമി പറഞ്ഞു.

അംഗീകൃത നഴ്‌സുമാര്‍, നാവികര്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ടതാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ.സന്ദര്‍ശനത്തിലാണ് പ്രവാസികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഏകീകൃത സംവിധാനത്തിനായി ഉടമ്പടി ഒപ്പുവെച്ചത്.

രണ്ട് രാജ്യങ്ങളിലെയും തൊഴില്‍ നിയമങ്ങള്‍ക്കനുസൃതമായാണ് പുതിയ പോര്‍ട്ടലെന്നും തൊഴില്‍രംഗത്തെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാവുമെന്നും ഒമര്‍ അല്‍ നുഐമി പറഞ്ഞു. ഉടമ്പടിയുടെ കൃത്യതയോടെയുള്ള നിര്‍വഹണത്തിനായി ഒരു സംയുക്ത സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പോര്‍ട്ടല്‍ നിലവില്‍ വരികയും ഇമൈഗ്രേറ്റ് സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതോടെ തൊഴിലാളികളുടെ വേതനവ്യവസ്ഥകളും നിയമനനടപടികളും കൂടുതല്‍ സുതാര്യമാകും. ഇതുവഴി തൊഴില്‍കരാറുകള്‍ക്ക് യു.എ.ഇ.നിയമത്തിന്റെ പരിരക്ഷ ഉണ്ടാകുമെന്നത് തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു.