‘കണ്ണിറുക്കിപ്പാട്ട്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്

single-img
15 February 2018


ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായുള്ള റാസ അക്കാദമിയാണ് കത്തയച്ചത്. ഗാനത്തിലെ ചില വരികള്‍ ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നാണ് വാദം.

പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് റാസാ അക്കാദമി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കിയത്.

ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്‌സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ, പ്രവാചകനിന്ദ ആരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ഹൈദരാബാദ് പൊലീസ് ചിത്രത്തിന്റെ സംവിധായകനെതിരേ കേസെടുത്തിരുന്നു. ഇതോടെ ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് തീരുമാനം മാറ്റിയിരുന്നു.

അതേസമയം ‘മാണിക്യ മലരായ പൂവി’ ഗാനത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇതുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ”ഗാനത്തില്‍ പ്രവാചകനിന്ദയോ മോശം പ്രയോഗങ്ങളോ ഇല്ല.”