രാജസ്ഥാന്‍ മന്ത്രി റോഡരികില്‍ നിന്ന് മൂത്രമൊഴിച്ചു; ചിത്രം വൈറല്‍; വിവാദത്തില്‍ വലിയ കാര്യമില്ലെന്ന് മന്ത്രി

single-img
15 February 2018

ജയ്പുര്‍: രാജസ്ഥാന്‍ സര്‍ക്കാരിന് മാനക്കേടായി മന്ത്രി റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് ആണ് റോഡരികില്‍ മതിലിന് സമീപം നിന്ന് മൂത്രമൊഴിച്ചത്. എന്നാല്‍ ഈ വിവാദത്തില്‍ വലിയ കാര്യമില്ലെന്നാണ് മന്ത്രിയുടെ മറുപടി.

സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ചത്. നിയമപ്രകാരം പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ 200 രൂപ ഫൈന്‍ അടക്കണം.

വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണത്തിന് മാധ്യമങ്ങള്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫാക്കിവെച്ചിരിക്കുകയായിരുന്നു. പിന്നീട് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഈ വിഷയം ഒരു വലിയ കാര്യമല്ലാത്തതിനാല്‍ താന്‍ പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.