തട്ടിപ്പ് രീതിയിലും മോദിയെ ട്രോളി രാഹുല്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
15 February 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദി മാതൃക എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നരേന്ദ്ര മോദിയും നീരവ് മോദിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്. ‘ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ നീരവ് മോദി’ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. #ഫ്രം1 മോദി 2 അനദര്‍ എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ നീരവ് മോദി

1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക 2. അദ്ദേഹത്തിനൊപ്പം ദാവോസില്‍ ചെല്ലുക

അവയുടെ സ്വാധീനം ഉപയോഗിക്കേണ്ടത്

എ. 12,000 കോടി രൂപ മോഷ്ടിക്കാന്‍ ബി. സര്‍ക്കാര്‍ മറ്റെവിടെയെങ്കിലും അന്വേഷണം നടത്തുന്നതിനിടെ മല്യയെ പോലെ രാജ്യം വിടുക. #ഫ്രം1മോദി2അനദര്‍

അതേസമയം, ഇതു പുതിയ മോദി അഴിമതി ആണോയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാലയുടെ ചോദ്യം. ആരാണ് നീരവ് മോദി? ലളിത് മോദിക്കും വിജയ് മല്യയ്ക്കും നല്‍കിയ പോലെ സര്‍ക്കാരില്‍നിന്ന് ആരുടെയെങ്കിലും സഹായം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ പണംകൊണ്ട് രക്ഷപെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണോ? ആരാണിതിന് ഉത്തരവാദി? സുജേര്‍വാല ചോദിച്ചു.

ബിജെപി സര്‍ക്കാരിന്റെ അനുമതിയോടെ അല്ല നീരവ് മോദിയോ വിജയ് മല്യയോ നാടുവിട്ടതെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ജനുവരി 31ന് എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് നീരവ് രാജ്യം വിട്ടതെങ്ങനെയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ചോദ്യം.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ ജാമ്യത്തില്‍ നിര്‍ത്തി വിദേശബാങ്കുകളില്‍ നിന്നും വജ്രവ്യാപാരി നീരവ് മോദി വ്യായ്പ എടുത്തതടക്കം 11,346 കോടി രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞദിവസം പുറത്ത് വന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വ്യായ്പയുടെ ബാധ്യത വഹിക്കേണ്ടി വന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് നീരവ് മോദിക്കെതിരെ കേസെടുത്തു.

പുലര്‍ച്ചയോടെ നീരവ് മോദിയുടെ മുബൈയിലെ കലാ ഘോഡയിലെ ഓഫീസിലും നാലു ജ്വല്ലറികളിലും ദില്ലിയിലെ രണ്ട് ജ്വല്ലറികളിലും സൂറത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ഷോറുമൂകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചു. തട്ടിപ്പിന് കൂട്ട് നിന്ന പഞ്ചാബ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഫോബ്‌സ് മാസിക പുറത്ത് വിട്ട കണക്ക് പ്രകാരം അതിസമ്പന്നരില്‍ 85ാം സ്ഥാനക്കാരനാണ് നീരവ്. 6435 കോടി മതിപ്പ് വില വരുന്ന തന്റെ ജ്വല്ലറിയായ ഫയര്‍ സ്റ്റാര്‍ ഡയമണ്ടസ് വിറ്റ് കടം തീര്‍ക്കുമെന്ന് അറിയിച്ച് നിരവ് എല്ലാ ബാങ്കുകള്‍ക്കും കത്ത് നല്‍കി. ഇതിന് ആറ് മാസം കാത്തിരിക്കണമെന്നുമാണ് ആവശ്യം