നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു

single-img
15 February 2018

തൃശ്ശൂര്‍: സ്വകാര്യ സഹകരണ മേഖലയിലെ നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ(യു.എന്‍.എ.) നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

പണിമുടക്കുന്ന ആയിരക്കണക്കിന് നഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ നഴ്‌സുമാര്‍ സമരപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലേറെ നഴ്‌സുമാര്‍ ആലപ്പുഴയില്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്ക്.

പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. അതേസമയം സമരാനുകൂല നിലപാടെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്ന് നഴസ് അസോസിയേഷന്‍ അറിയിച്ചു.

അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ പണമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.