പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പില്‍ മോദിയെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം: നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പുറത്ത്

single-img
15 February 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11, 000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി സി.പി.എം അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്ത്. നീരവ് മോദിക്കെതിരെ 280 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം മോദി സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസിലെ സാമ്പത്തിക ഉച്ചകോടിയില്‍ നീരവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു.

ഇതേക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി പറഞ്ഞു. 280 കോടിയുടെ തട്ടിപ്പില്‍ ഈ മാസം അഞ്ചിനാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ നീരവ് മോദി രാജ്യം വിട്ടതായാണ് സൂചന. മുംബൈയും സൂറത്തും ഡല്‍ഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ജ്വല്ലറി ഉടമകളായ മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും രണ്ടു പിഎന്‍ബി ഉദ്യോഗസ്ഥരുടെയും വീടുകളിലും വിവിധ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

പിഎന്‍ബിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ നീരവ് മോദി രാജ്യം വിട്ടതായാണു വിവരം. ജനുവരി അവസാനത്തോടെയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനു പുറമെ ബെല്‍ജിയം പാസ്‌പോര്‍ട്ടും നീരവിന്റെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ചു രാജ്യം വിട്ടതായാണു വിലയിരുത്തല്‍.

വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎന്‍ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎന്‍ബിക്കായി.

നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസ് ഈ മാസം അഞ്ചിനു സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകള്‍ പുറത്തുവന്നത്. 2011 മുതലുള്ള തട്ടിപ്പാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.