പൂര്‍വ വിദ്യാര്‍ഥി നടത്തിയ വെടിവെയ്പ്പില്‍ ഫ്ലോറിഡ സ്കൂളില്‍ 17 പേര്‍ കൊല്ലപ്പെട്ടു

single-img
15 February 2018


യു.എസ്: ഫ്ലോറിഡ ഹൈസ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി നടത്തിയ വെടിവെയ്പ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. നികോളസ് ക്രൂസ് എന്ന 19കാരനാണ് അമേരിക്കയെ ഞെട്ടിച്ച് സ്കൂള്‍ കൊലക്കളമാക്കിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലുള്ള മര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ളസ് ഹൈസ്കൂളിലാണ് കൂട്ടക്കൊലപാതകം നടന്നത്.ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ധാരാളം പഠിക്കുന്ന സ്കൂളാണിത്. ഇന്ത്യന്‍ വംശജനായ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റതായി വിവരമുണ്ട്. എ.ആര്‍ -15 റൈഫിള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മരിച്ചവരില്‍ എത്ര വിദ്യാര്‍ഥികള്‍ ഉണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല.

ക്രൂസിനെ അച്ചടക്കലംഘനത്തിന് സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പ്രാദേശിക അന്വേഷണ സംഘത്തിനൊപ്പം എഫ്.ബി.ഐയും സംഭവത്തിന്‍െറ അന്വേഷണത്തിന്‍െറ ഭാഗമാണ്. ‘‘നികോളസ് ക്രൂസ് ആണ് കൊലപാതകി. അയാള്‍ കസ്റ്റഡിയിലാണ്. ക്രൂസ് ഉപയോഗിച്ചിരുന്ന വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന പല വിവരങ്ങളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.’’-ബ്രോവാര്‍ഡ് കൗണ്ടി ഷെരിഫ് സ്കോട്ട് ഇസ്രായേല്‍ പറഞ്ഞു.