‘ചാരസുന്ദരിമാരുടെ’ ‘തേന്‍കെണിയില്‍ കുടുങ്ങരുതെന്ന് സൈനികര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശം

single-img
15 February 2018

ഇന്ത്യയുടെ അതീവരഹസ്യങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ചോര്‍ത്തി കൊടുത്തതിനു വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിയിലായതിനു പിന്നാലെ, ശത്രുരാജ്യങ്ങളുടെ ‘ചാരസുന്ദരിമാരുടെ’ കെണിയില്‍ കുടുങ്ങരുതെന്ന് സൈനികര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി) നിര്‍ദേശം.

സൈന്യത്തിലെ നിര്‍ണായക രഹസ്യവിവരങ്ങള്‍ കൈകാര്യംചെയ്യുന്ന ‘ലോലമനസുള്ള’ ഉദ്യോഗസ്ഥരെ ‘ഹണി ട്രാപ്പി’ല്‍ കുടുക്കാന്‍ പാക്, ചൈനീസ് സുന്ദരികള്‍ ശ്രമിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് ഐ.ബി നിര്‍ദേശം. സമാനമായ തേന്‍കെണിയില്‍ കുടുങ്ങിയ ഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനത്തെ ഗ്രൂപ് ക്യാപ്റ്റന്‍ അരുണ്‍ മാര്വഹയെ ചോദ്യംചെയ്ത ശേഷമാണ് ഐ.ബി ഇത്തരത്തിലൊരു നിര്‍ദേശം സൈന്യത്തിനു നല്‍കിയത്.

പ്രതിരോധമേഖലയിലെ എല്ലാ വിഭാഗങ്ങള്‍ക്കു നിര്‍ദേശം കൈമാറിയതായി മുതിര്‍ന്നദഐ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫേസ്ബുക്കില്‍ അരുണ്‍ മര്വ്ക്ക് അജ്ഞാതസ്ത്രീ സൗഹൃദാപേക്ഷ നല്‍കിയ ഉടന്‍ അദ്ദേഹം അതു സ്വീകരിക്കുകയായിരുന്നു.

പിന്നീട് ഫോണ്‍നമ്പറുകള്‍ കൈമാറുകയും സൗഹൃദം വളരുകയും വാട്സാപ്പ് മുഖേനയുള്ള സംഭാഷണങ്ങള്‍ പതിവാകുകയും ചെയ്തു. ഇതു നഗ്‌ന ഫോട്ടോകള്‍ കൈമാറുന്നതിലും എത്തി. ഇതിനിടെ നഗ്‌നഫോട്ടോകള്‍ കാട്ടി ‘സ്ത്രീ’ അരുണിനെ ബ്ലാക്മെയില്‍ ചെയ്ത് രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

അരുണിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി നഗ്‌നഫോട്ടോകളും അശ്ലീലസംഭാഷണങ്ങള്‍ നടന്നതായും കണ്ടെത്തി. 2015 ഡിസംബറില്‍ രഞ്ജിത് എന്ന വ്യോമസേനാ ഉദ്യോഗസ്ഥനും ഇത്തരത്തില്‍ ഫേസ്ബുക്ക് മുഖേനെ പരിചയപ്പെട്ട സ്ത്രീയുമായി സൗഹൃദത്തിലാവുകയും പിന്നീട് രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

അന്വേഷണത്തില്‍ രഞ്ജിത് പരിചയപ്പെട്ട സ്ത്രീ ഐ.എസ്.ഐ ഓഫിസര്‍ ആണെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പ്രതിരോധ വകപ്പ് സൈനികര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.