ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതിമുട്ടി: ‘സേ നോ ടു ഹര്‍ത്താല്‍’ ക്യാമ്പയിനുമായ് കണ്ണൂരിലെ ജനങ്ങള്‍

single-img
15 February 2018

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന കണ്ണൂരിലെ ജനങ്ങള്‍ ഹര്‍ത്താലിനെതിരെ രംഗത്ത്. ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ് ഹര്‍ത്താലിനെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നത്. ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതിമുട്ടിയ ചെറുവാഞ്ചേരി ഗ്രാമത്തില്‍ നിന്ന് ഹര്‍ത്താലുകളെ പുറത്ത് നിര്‍ത്താനൊരുങ്ങി ഒരു കൂട്ടം യുവാക്കള്‍ രംഗത്തു വന്നു.

സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സേ നോ ടു ഹര്‍ത്താല്‍ എന്ന കാമ്പയിന്‍ ചെറുവാഞ്ചേരിയില്‍ ആരംഭിച്ചിരിക്കുന്നത്. നിസാര കാര്യങ്ങള്‍ക്കു പോലും നടത്തുന്ന ഹര്‍ത്താലുകള്‍ കൊണ്ട് ജനം പൊറുതിമുട്ടിയതോടെയാണ് ഹര്‍ത്താല്‍ വിരുദ്ധ വികാരം ജനങ്ങളില്‍ നാമ്പിട്ടത്.

മാതൃകാപരവും നടപ്പില്‍ വരുത്താന്‍ ഏറെ ശ്രമകരവുമായ ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇവര്‍ സ്വീകരിച്ച മാര്‍ഗമാവട്ടെ ആശയങ്ങള്‍ കൊണ്ടു പുതു വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന സമൂഹമാധ്യമങ്ങളെ. ഈ കാമ്പയിനിന്റെ ഭാഗമായുള്ള വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകളില്‍ ഇതിനകം നൂറുകണക്കിനാളുകളാണ് പങ്ക് ചേര്‍ന്നത്.

എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയും ലഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പ്രാദേശിക ഹര്‍ത്താലുകളെ ഒഴിവാക്കുവാനും പിന്നീട് ചെറുവാഞ്ചേരിയെ ഹര്‍ത്താല്‍ വിമുക്ത ഗ്രാമമാക്കാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഇന്നലെ ചെറുവാഞ്ചേരിയില്‍ ഒപ്പുശേഖരണവും തെരുവോര ചിത്രരചനയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലയിലെ മറ്റ് ഗ്രാമങ്ങളിലേക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.