വാലന്റൈന്‍സ് ദിനത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രണയസമ്മാനം നല്‍കി ഒരു ഭര്‍ത്താവ്

single-img
15 February 2018


 


ദുബൈ: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിക്കുന്നവര്‍ പരസ്പരം സമ്മാനം കൈമാറുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ആരെയും ഞെട്ടിക്കുന്ന ഒരു സമ്മാനം നല്‍കി ഭാര്യയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ദുബൈയില്‍ സ്ഥിരതാമസക്കാരായ ഓസ്‌ട്രേലിയന്‍ സ്വദേശികളുടെ വാലന്റൈന്‍സ് ആഘോഷമാണ് ലോകം മുഴുവന്‍ വൈറലായിരിക്കുന്നത്.

ചുവന്ന ഫെരാരി കാറും ആയിരം റോസാപൂക്കളുമായിരുന്നു തന്റെ പ്രിയതമ അലക്‌സ് ഹിര്‍ഷിക്ക് സ്‌നേഹ സമ്മാനമായി നല്‍കിയത്. റേഡിയോ അവതാരകയും കാറുകളുടെ റിവ്യൂ നടത്തുകയും ചെയ്യുന്ന സോഷ്യല്‍മീഡിയ പേഴ്‌സണാലിറ്റിയാണ് ഹിര്‍ഷി.

സമ്മാനം നല്‍കുമ്പോഴും അതിനു മുമ്പുമുള്ള ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവ് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഏത് കാറാണ് നല്‍കേണ്ടത് എന്ന ചിന്തയാണ് ആദ്യം വന്നത്. ലംബോര്‍ഗിനി, മെഴ്‌സിഡന്‍സ് എഎംജി ജിടിആര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി11 തുടങ്ങി നിരവധി കാറുകളുടെ പട്ടികയില്‍ നിന്നും ഫെറാറി 488 ആണ് ഭര്‍ത്താവ് തെരഞ്ഞെടുത്തത്.

കാര്‍ മാത്രമായിരുന്നില്ല സമ്മാനമായി നല്‍കിയത്. ഫെരാരി നിറയെ ആയിരം ചുവന്ന റോസാപൂക്കള്‍ നിറയ്ക്കുകയും മറ്റൊരു വാഹനത്തില്‍ കയറ്റി യുവതി താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ എത്തിക്കുകയും ചെയ്താണ് അപ്രതീക്ഷിത വാലന്റൈന്‍ ദിന സമ്മാനം നല്‍കിയത്.

തുടര്‍ന്ന് യുവതിയെ ഫോണില്‍ വിളിക്കുകയും ഒരു റോസാപ്പൂ നല്‍കി ആശംസിക്കുകയും ചെയ്തു. ഹോട്ടലിന് പുറത്തേക്ക് വന്ന യുവതി സമ്മാനം കണ്ട് ഞെട്ടുന്നതും വീഡിയോയില്‍ കാണാം.