നീരവ് മോഡി: റെയ്ഡില്‍ പിടിച്ചത് 5,100 കോടി രൂപയുടെ സ്വര്‍ണവും വജ്രവും

single-img
15 February 2018


മുംബൈ/ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടിയ വജ്രവ്യാപാരി നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍െറ റെയ്ഡ്. മുംബൈ, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലായി നടന്ന റെയ്ഡില്‍ 5,100 കോടി രൂപ മൂല്യമുള്ള സ്വര്‍ണവും വജ്രവും പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍െറ പരാതിയെ തുടര്‍ന്ന് നീരവ് മോഡി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളി മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെ 280 കോടി രൂപ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

മുംബൈയില്‍ മാത്രം പ്രതികളുടെ അഞ്ച് വസ്തുവകകള്‍ സീല്‍ ചെയ്തു. പതിനേഴ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. മോഡിയുടെ വീടും വജ്രാഭരണ ഷോറൂമുകളും ഇതില്‍ പെടുന്നു. രാജ്യത്തിന് പുറത്ത്കടന്ന നീരവ് മോഡിയുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിനെ സമീപിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്‍റ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിന്‍െറ ചുവടുപിടിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന വകുപ്പ് പ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റിന്‍െറ കേസ്. 11,400 കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പ് കേസിലേക്ക് മുഴുവനായി എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.