നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

single-img
15 February 2018

കൊച്ചി: മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, റോഡ് ടാക്‌സ് തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചൊവി കൊണ്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജനങ്ങളുടെ പ്രയാസം കൂടി കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും ജനങ്ങളുടെ പ്രയാസം കൂടി ബസ് ഉടമകള്‍ മനസിലാക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.