കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം

single-img
15 February 2018


ബംഗളൂരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് കര്‍ണാടകയില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബെലന്ദൂരിനടുത്ത് കസവനഹള്ളിയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. ഏഴ് പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പോലീസ് അറിയിച്ചു. 13 ഓളം പേരെയാണ് രക്ഷപ്പെടുത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കെട്ടിടം തകര്‍ന്നുവീണതിന്‍െറ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അഞ്ചുനിലകളുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. അനധികൃതമായാണ് കെട്ടിടത്തിന്‍െറ നിര്‍മ്മാണം നടന്നതെന്ന് മേയര്‍ സമ്പത്ത് രാജ് പറഞ്ഞു. മൂന്നു നിലകള്‍ നിര്‍മ്മിക്കാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് മേയര്‍ വ്യക്തമാക്കി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയത് ഇടക്ക് മുടങ്ങിയിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും നിര്‍മ്മാണം തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ജോലിക്കുണ്ടായിരുന്നു. അടിസ്ഥാനത്തിന് ബലം കുറവായതിനാലാണ് കെട്ടിടം തകര്‍ന്നതെന്ന് മേയര്‍ പറഞ്ഞു.