കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്കു കാരണം അസറ്റലിന്‍ ചോര്‍ച്ച

single-img
15 February 2018

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എ.സി പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നലെ കപ്പലില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് പൊട്ടിത്തെറിയുടെ കാരണം അസറ്റലിന്‍ ആണെന്ന് സ്ഥിരീകരിച്ചത്. വാതകം എങ്ങനെ ചോര്‍ന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയില്‍ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

അസറ്റിലിന്‍ കത്തിയാല്‍ വിഷവാതകമായി മാറാന്‍ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും മറ്റും ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കൂവെന്നു ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കപ്പലില്‍ അറ്റകുറ്റപ്പണിക്കു മുന്‍പു കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുവെന്ന കപ്പല്‍ശാല അധികൃതരുടെ വാദത്തില്‍ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു. ട്യൂബ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കപ്പല്‍ശാലയുടേതല്ലെന്നും കരാര്‍ സ്ഥാപനത്തിന്റേതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ട്യൂബ് സൂക്ഷിച്ചതിലെ അപാകത അപകടത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖയിലുണ്ട്. എന്നാല്‍ രാവിലെ ജോലി തുടങ്ങി ഒരു മണിക്കൂറിനുള്ളിലുണ്ടായ പൊട്ടിത്തെറി, പരിശോധന നടന്നോ എന്നു സംശയിപ്പിക്കുന്നതാണെന്ന് അന്വേഷണം നടത്തുന്ന ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് പറയുന്നു.