വാല്‍പ്പാറയില്‍ നാല് വയസുകാരനെ കൊന്ന പുലിയെ പിടിച്ചു

single-img
14 February 2018

ആതിരപ്പള്ളി: വാല്‍പാറയില്‍ നാലുവയസുകാരനെ കൊന്ന പുലി കെണിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് നാലുവയസുകാരനെ പുലി കടിച്ച് കൊന്നത്. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്.

പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് അറിഞ്ഞത്. നേരത്തെ, പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും പുലി സ്ഥലത്തെത്തിയെങ്കിലും കെണിയില്‍ വീണില്ല.

പുലിയെ കുടുക്കാന്‍ സ്ഥാപിച്ച കൂടിനുള്ളില്‍ ഒരു നായയേയും ഇട്ടിരുന്നു. എന്നിട്ടും പലതവണ ഇവിടെയെത്തിയ പുലി കൂട്ടില്‍ കയറിയിരുന്നില്ല. ഒരു പുലി കെണിയിലായെങ്കിലും പരിസരത്ത് ഇനിയും പുലികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ഇതിനായി വീണ്ടും കൂട് സ്ഥാപിക്കും.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍നിന്നുമാണ് കുട്ടിയെ പുലി പിടിച്ചത്. പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. അമ്മ കുളിപ്പിച്ചതിനുശേഷം അടുക്കളവാതിലിനടുത്താണ് കുട്ടിയെ നിര്‍ത്തിയിരുന്നത്. അമ്മ അടുക്കളയിലേക്ക് മാറിയ സമയം തോട്ടത്തില്‍നിന്ന് വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു.

ഇതുകണ്ട് അമ്മ കരഞ്ഞ് ബഹളംവച്ചപ്പോള്‍ നാട്ടുകാര്‍ പന്തങ്ങളും ടോര്‍ച്ചുകളും ആയുധങ്ങളുമായി തോട്ടത്തില്‍ തിരച്ചിലാരംഭിച്ചു. എട്ടരയോടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. തലയും ഉടലും വേര്‍പെട്ടനിലയില്‍ രണ്ടിടത്തുനിന്നാണ് കണ്ടെത്തിയത്.

വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ മുഷറഫലിയും കുടുംബവും ഒരുകൊല്ലം മുമ്പാണ് ഇവിടെ താമസമാക്കിയത്. നരഭോജിയായ പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ കുറെ കാലമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പത്തില്‍ അധികം കുട്ടികളെയാണ് പുലി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.