ഇന്ത്യയില്‍ ഇനിയും പാക് തീവ്രവാദ ആക്രമണമുണ്ടാകും: മുന്നറിയിപ്പുമായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം

single-img
14 February 2018


വാഷിങ്ടണ്‍: പാകിസ്താന്റെ പിന്തുണയോടെ തീവ്രവാദി വിഭാഗങ്ങള്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നത് തുടരുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഡാന്‍ കോട്‌സ് ചൂണ്ടിക്കാണിക്കുന്നു.

ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും തയ്യാറെടുക്കുന്നതും പാകിസ്താനിലെ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ വെച്ചാണ്.

ഇരു രാജ്യങ്ങളിലും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും കോട്‌സ് മുന്നറിയിപ്പു നല്‍കി. മദ്ധ്യദൂര ക്രൂസ് മിസൈലുകളടക്കം പാകിസ്ഥാന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്നും ഇത് തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത വര്‍ഷത്തോടെ ഉത്തര കൊറിയയുടെ നശീകരണ സ്വഭാവമുള്ള ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നും യു.എസ് നാഷണല്‍ ഇന്റലിന്‍ജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കി.
ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ കയറ്റുമുതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2007ല്‍ സിറിയയില്‍ ആണവ റിയാക്ടര്‍ നിര്‍മിക്കുന്നതിന് ഉത്തര കൊറിയ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും കൊറിയ പരീക്ഷിച്ചിട്ടുണ്ടെന്നും കോട്ട്‌സ് വിശദീകരിച്ചു. അമേരിക്കയ്ക്ക് തന്നെ ഭീഷണി ആയേയ്ക്കാവുന്ന ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.