ആരോ പിന്തുടരുന്നുണ്ട്, അവരെന്നെ കൊല്ലും: ഷുഹൈബിന്റെ ശബ്ദ സന്ദേശം പുറത്ത്: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി എഫ്‌ഐആര്‍

single-img
14 February 2018

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു.

എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു.

അതിനിടെ, തനിക്ക് വധ ഭീഷണിയുണ്ടായിരുന്നതായും ആരോ പിന്‍തുടരുന്നുണ്ടെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തായി. തന്നെ ആക്രമിക്കാന്‍ കൊലയാളികള്‍ എത്തിയിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും തന്നെ ചിലര്‍ പിന്തുടരുന്നുണ്ട്.

അവര്‍ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം, ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഷുഹൈബിന്റെ കുടുംബം ആരോപിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ ഷുഹൈബ് വ്യക്തമായിരുന്നതായി പിതാവ് മുഹമ്മദ് പറഞ്ഞു.

സി.പി.എമ്മുകാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഷുഹൈബ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ തങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘമാണ് തിങ്കളാഴ്ച രാത്രിയില്‍ തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസിന് ഇതുവരെയും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ജില്ലാ പൊലീസ് ചീഫിന്റെ പ്രത്യേക സംഘവും അന്വേഷണവുമായി രംഗത്തുണ്ട്.