ആശുപത്രി കിടക്കയില്‍ ഒപ്പം ഉറങ്ങിയ അമ്മ മരിച്ചതറിഞ്ഞില്ല: മാതാവിന്റെ ശരീരത്തോട് ചേര്‍ന്ന് ഉറങ്ങുന്ന അഞ്ചു വയസുകാരന്റെ ചിത്രം നൊമ്പരമാകുന്നു

single-img
14 February 2018

അമ്മ മരിച്ചതറിയാതെ മണിക്കൂറുകളോളം മാതാവിന്റെ ശരീരത്തോട് ചേര്‍ന്ന് ഉറങ്ങിയ അഞ്ചു വയസുകാരന്റെ ചിത്രം നൊമ്പരമാകുന്നു. ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങളുമായാണ് മുപ്പത്തിയാറുകാരിയായ സമീന സുല്‍ത്താന എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്ച് വയസുള്ള ഏകമകന്‍ ഷുഐബ് മാത്രമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്. എന്നാല്‍ മതിയായ ചികിത്സ ലഭിക്കാതെ സമീന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആശുപത്രി ജീവനക്കാരെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണ വിവരം തിരിച്ചറിഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സമീനയ്ക്ക് ബന്ധുക്കളെന്ന് പറയാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. മാതാവിന്റെ ചേതനയറ്റ ശരീരത്തോട് ചേര്‍ന്ന് കിടന്ന് മയങ്ങിയ കുഞ്ഞ് ഷുഐബിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഏറെ പാടുപെടേണ്ടി വന്നു.

എന്നിട്ടും മാതൃഹൃദയത്തിന്റെ തുടിപ്പ് അവസാനിച്ചത് അംഗീകരിക്കാതെ അവന്‍ രണ്ട് മണിക്കൂറോളം അമ്മയുടെ ദേഹത്തോട് ഒട്ടിക്കിടന്നു. സമീനയുടെ ബാഗില്‍ നിന്നും കിട്ടിയ ആധാര്‍ കാര്‍ഡിലെ വിലാസം വച്ച് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയതായും ഷുഐബിനെ ഒരു ബന്ധുവിനെ ഏല്‍പ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമീനയുടെ മരണത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് വ്യക്തമായതായും പൊലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീശ്വര്‍ പറഞ്ഞു.