സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്

single-img
14 February 2018

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങി. ജിദ്ദയില്‍ ഇന്നലെ വീശിത്തുടങ്ങിയ പൊടിക്കാറ്റ് ഇന്ന് തലസ്ഥാന നഗരിയിലുമെത്തി. വരും ദിവസങ്ങളില്‍ തണുപ്പ് വിട്ട് അന്തരീക്ഷം പൂര്‍ണമായും ചൂടിലേക്ക് മാറും. ഇത്തവണ ശക്തമായ തണുപ്പെത്തുമെന്നായിരുന്നു പ്രവചനം.

എന്നാല്‍ കാലാവസ്ഥ നീരീക്ഷകരുടെ പ്രവചനത്തിനെതിരായിരുന്നു റിയാദിലടക്കം കാലാവസ്ഥ. ഔദ്യോഗിക കണക്ക് പ്രകാരം റിയാദില്‍ തണുപ്പെത്തിയത് പരമാവധി രണ്ട് ഡിഗ്രി വരം. കഴിഞ്ഞ വര്‍ഷം മൈനസ് ഡിഗ്രിയിലേക്കെത്തിയിരുന്നു തണുപ്പ്. ഇത്തവണ തണുപ്പവസാനിപ്പിച്ച് കാലാവസ്ഥ ചൂടിലേക്ക് മാറുകയാണ്.

ഇതിന് മുന്നോടിയായാണ് വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായത്. വിവിധ ഭാഗങ്ങള്‍ പൊടിപടലത്താല്‍ മൂടി. വരുന്ന രണ്ടാഴ്ചയോടെ ചൂട് ശക്തമാകും. സൗദിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു.

ജിദ്ദ, മക്ക, ബഹ്‌റ, അല്‍ ജമൂം എന്നിവിടങ്ങളിലാണ് കാറ്റ് വീശിയത്. കാറ്റിന്റെ വേഗത കാരണം ജിദ്ദ സീ പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ അല്‍പ്പ സമയം നിറുത്തിവെച്ചിരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ റോഡുകളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.