‘പ്രിയ വാര്യര്‍ക്കെതിരെ പൊലീസ് കേസ്’

single-img
14 February 2018

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഒറ്റദിവസംകൊണ്ടുതന്നെ ലക്ഷക്കണക്കിന് പേരാണ് മാണിക്യ മലരായ എന്ന ഗാനം കണ്ടത്.

പ്രിയ കണ്ണെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ ഹിറ്റാണ്. ഓഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയ വേഷം ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ പ്രധാന വേഷങ്ങളിലൊന്നിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രിയക്കെതിരേയും ഗാന രചയിതാവിനെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതി നല്‍കിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം.

ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫലകുനാമ എ.സി.പി സെയിദ് ഫായിസ് വ്യക്തമാക്കി.