പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്

single-img
14 February 2018


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി)വന്‍ തട്ടിപ്പ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 1.77 ബില്യണ്‍ ഡോളര്‍ തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണ് പി.എന്‍ബി. ആസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുമാണ്. ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലെ ഗോകുല്‍നാഥ് ഷെട്ടി, ഹനുമന്ത കാരാട്ട് എന്നീ ജീവനക്കാരുടെ സഹായത്തോടെ നിരവ് മോഡി, നിഷാല്‍ മോഡി, അമി നിരവ് മോഡി, മേഹുല്‍ ചിനുബായി ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്.

അവര്‍ ഈ പണം വിദേശത്തു പിന്‍വലിച്ചതായും വ്യക്തമായിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ബാങ്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുന്നത്. സി ബി ഐ. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളും പ്രമുഖ ആഭരണ വ്യപാരിയുമായ നിരവ് മോഡിക്കെതിരെ ബാങ്കിനെ തട്ടിച്ചതിന്റെ പേരില്‍ മറ്റൊരു കേസും നിലവിലുണ്ട്,

ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ ബലത്തില്‍ മറ്റു ചില ബാങ്കുകള്‍ ഈ ഇടപാടുകാര്‍ക്ക് വിദേശത്തു വായ്പ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തട്ടിപ്പിന്റെ വ്യാപ്തി വിപുലമാക്കുന്നു. ഒരു പത്രകുറിപ്പിലൂടെയാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അന്വേഷണ ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് മാത്രമാണ് പത്രക്കുറിപ്പില്‍ പറയുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ഇന്ന് രാവിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യം ഏഴു ശതമാനത്തിലേറെ ഇടിഞ്ഞു. ബാങ്കിന്റെ ഓഹരി നിക്ഷേപകര്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് 3000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുകയാണ്.

ഈ ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.