ബാര്‍കോഴ ഗൂഢാലോചനയില്‍ കോടിയേരി മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി

single-img
14 February 2018

കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസ് സിപിഎം കെട്ടിച്ചമച്ചതാണെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണം. സിപിഎം ഗൂഢാലോചനയെന്ന യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു.

ഇനിയും ഒരുപാട് വസ്തുതകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം.മാണിയുടെ കേസ് അവസാനിപ്പിക്കുന്നത് ജനവഞ്ചനയാണെന്ന ബിജുവിന്റെ നിലപാട് ഉമ്മന്‍ചാണ്ടി തള്ളി. കേസ് ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ അത് അവസാനിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി തെറ്റുചെയ്തിട്ടില്ല എന്നാണ് അന്നും ഇന്നും വിശ്വസിക്കുന്നത്. രാജി സ്വീകരിച്ചത് ഹൈക്കോടതി പരാമര്‍ശം ഉണ്ടായതുകൊണ്ടുമാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെഎം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായാണ് ബിജു രമേശ് ഇന്നലെ പറഞ്ഞത്.