വിവാദം വേദനിപ്പിക്കുന്നു, കേസ് നിയമപരമായി നേരിടുമെന്ന് ഒമര്‍ ലുലു

single-img
14 February 2018


‘ഒരു അഡാര്‍ ലവ്’ സിനിമയിലെ വൈറലായ ‘മാണിക്യ മലരായ പൂവി’ ഗാനത്തിന്‍െറ പേരിലുണ്ടായ വിവാദങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇതുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘ഗാനത്തില്‍ പ്രവാചകനിന്ദയോ മോശം പ്രയോഗങ്ങളോ ഇല്ല.’’

ഗാനവും അതിനൊപ്പമുള്ള വീഡിയോയും മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദിലാണ് പോലീസിന് മുന്നില്‍ പരാതി എത്തിയത്. ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫലക്നാമ പോലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് കേസ്. നാല് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. ചിത്രത്തില്‍ അഭിനയിച്ച പ്രിയ പി. വാര്യര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നടിക്കെതിരെ ഇപ്പോള്‍ കേസ് എടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.