നീലേശ്വരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുനിയറ കണ്ടെത്തി

single-img
14 February 2018


കാസര്‍ഗോഡ് നീലേശ്വരത്ത് ക്ഷേത്ര നവീകരണ പ്രവൃത്തികള്‍ക്കിടയില്‍ മുനിയറ കണ്ടെത്തി. തെക്കന്‍ ബങ്കളം രക്തേശ്വരി ക്ഷേത്ര നവീകരണ ജോലികള്‍ നടക്കുന്നതിനിടയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുനിയറ കണ്ടെത്തിയത്. കൊത്തുപണികളുള്ള പ്രവേശന കവാടവും അകത്തു വിശാലമായ സ്ഥലവും നടുവില്‍ ചെത്തിമിനുക്കിയ തൂണുമാണുള്ളത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുനിമാര്‍ തപസിരുന്ന സ്ഥലമായിരുന്നു മുനിയറകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തില്‍ നടത്തിയ സ്വര്‍ണ പ്രശ്‌നത്തില്‍ ഇവിടം മുമ്പു യാഗശാലയായിരുന്നെന്നും ഋഷീശ്വരന്മാര്‍ തപസനുഷ്ടിച്ചിരുന്നെന്നും കണ്ടെത്തിയിരുന്നു. ഇവിടെ അവസാനമായി തപസിരുന്ന ഋഷിവര്യന്‍ മുനിയറയില്‍ തന്നെ സമാധിയായെന്നും പ്രശ്‌നചിന്തയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വിസ്മയിപ്പിക്കുന്ന മുനിയറ കണ്ടെത്തിയത്. മുനിയറയിലും പരിസരപ്രദേശങ്ങളില്‍ നിന്നും മണ്ണില്‍ നിര്‍മിച്ച പൂജാപാത്രങ്ങളുടെയും കൂജകളുടെയും അവശിഷ്ടങ്ങളും കണ്ടെത്തി. ഇപ്പോഴും ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ നിന്നും ഇത്തരം പൂജാപാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടാറുണ്ട്.

മുനിയറ കാണാന്‍ ദിവസേന നിരവധിയാളുകളെത്തുന്നുണ്ട്. സമാനരീതിയിലുള്ള നിരവധി ചെറുഗുഹകളും ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 20 മുതല്‍ 23 വരെ ക്ഷേത്രത്തില്‍ നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മുനിയറയും നവീകരിച്ചിട്ടുണ്ട്.