ബില്‍ അടച്ചില്ല: നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ മാസങ്ങളോളം മാതാപിതാക്കള്‍ക്ക് നല്‍കിയില്ല

single-img
14 February 2018

ആശുപത്രി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ മാതാപിതാക്കള്‍ക്ക് നല്‍കാതെ മാസങ്ങളോളം തടഞ്ഞുവെച്ചു. ആഫ്രിക്കയിലെ ഗാബോണിലാണ് സംഭവം. സംഭവം പുറത്തറിഞ്ഞതോടെ രാജ്യം മുഴുവന്‍ മാതാപിതാക്കള്‍ക്കൊപ്പം നിന്നു.

ഇതോടെയാണ് കുഞ്ഞിനെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. എയ്ഞ്ചല്‍ എന്ന പെണ്‍കുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചത്. മാസം തികയാതെയായിരുന്നു എയ്ഞ്ചലിന്റെ ജനനം. അതേ തുടര്‍ന്ന് കുഞ്ഞിനെ 35 ദിവസത്തോളം ഇന്‍ക്യുബേറ്ററിലാക്കിയിരുന്നു.

ചികിത്സ കഴിഞ്ഞപ്പോള്‍ ആശുപത്രി ബില്‍ വലിയ തുകയായി. 3630( ഏകദേശം 2.33 ലക്ഷം രൂപ) ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ക്ക് ഇത്രയും വലിയ തുകയടക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നത്.

സംഭവം വാര്‍ത്തകളില്‍ ഇടം നേടിയതോടെ രാജ്യം ഒരുമിച്ച് ബില്‍ അടയ്ക്കാനുള്ള തുക സമാഹരിച്ചു. ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോ അടക്കമുള്ളവര്‍ സംഭാവന നല്‍കി. ബില്‍ അടച്ചതോടെയാണ് കുഞ്ഞിനെ ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയതെന്ന് അമ്മ സോണിയ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി ഡയറക്ടറെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചു.