കണ്ണൂരില്‍ കുട്ടികളുമായി റെയില്‍വേ ട്രാക്കില്‍ കയറിനിന്ന യുവതി നാട്ടുകാരെയും പോലീസിനെയും മുള്‍മുനയിലാക്കി

single-img
14 February 2018

കണ്ണൂരില്‍ രണ്ടു കുട്ടികളുമായി റെയില്‍വേ ട്രാക്കില്‍ കയറിനിന്ന യുവതി നാട്ടുകാരെയും പോലീസിനെയും മുള്‍മുനയിലാക്കി. മാടായിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയായ 35 കാരിയാണ് രണ്ടും ഏഴും വയസുള്ള കുട്ടികളെ എടുത്ത് റെയില്‍വേ ട്രാക്കില്‍ കയറിനിന്നത്.

നാട്ടുകാര്‍ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പഴയങ്ങാടി എസ്‌ഐ പ്രേമന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ആബിദ എന്നിവരും ഏറെനേരം അനുനയിപ്പിച്ചാണ് യുവതിയെ ട്രാക്കില്‍ നിന്ന് മാറ്റിയത്.

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതിയെ പിന്നീട് തലശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കുട്ടികളെ പട്ടുവം, മാട്ടൂല്‍ എന്നിവിടങ്ങളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. പോലിസ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.