കണ്ണൂരില്‍ ആവര്‍ത്തിക്കുന്ന കൊലപാതക പരമ്പരകള്‍: ജനങ്ങള്‍ ആശങ്കയില്‍

single-img
14 February 2018

കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം പതിയുന്ന ചിത്രം രാഷ്ട്രീയ അക്രമങ്ങളുടേതാണ്. അതിന് ഒരു മാറ്റമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനം സംരക്ഷിക്കപ്പെടുന്നതിന് എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് കരുതുമ്പോഴും കണ്ണൂരിനുമേല്‍ അശാന്തിയുടെ കരിനിഴല്‍ പടരുന്നത് സമാധാനകാംക്ഷികളായ ഏവരേയും അലോസരപ്പെടുത്തുന്നു.

ഒന്നര മാസത്തിനിടെ നടന്നത് രണ്ടു കൊലപാതകങ്ങളും രണ്ട് ജില്ലാ ഹര്‍ത്താലുകളുമാണ്. ഇതിനിടയില്‍ വധശ്രമം, ബോംബേറ് എന്നിവയുള്‍പ്പെടെ നിരവധി രാഷ്ട്രീയ ആക്രമണങ്ങളും പ്രാദേശിക ഹര്‍ത്താലുകളും. രണ്ടു കൊലപാതകങ്ങളാണ് 2017 ല്‍ കണ്ണൂരില്‍ നടന്നത്.

ജനുവരി 18 നായിരുന്നു ആദ്യ രാഷ്ട്രീയ കൊലപാതകം. ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍വകക്ഷി സംഘം, കൊലക്കത്തിക്ക് ഇരയായ വ്യക്തിയുടെ വീടു സന്ദര്‍ശിച്ചത് സന്തോഷിന്റെ വീട്ടിലായിരുന്നു.

മേയ് 13 നായിരുന്നു 2017 ലെ രണ്ടാമത്തെ കൊലപാതകം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജുവാണ് അന്നു കൊല്ലപ്പെട്ടത്. പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു ബിജു. ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു കൊല്ലപ്പെട്ടത്.

രാഷ്ട്രീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു നാലു ഹര്‍ത്താലുകളാണ് 2017ല്‍ കണ്ണൂരില്‍ നടന്നത്. 2017ല്‍ കണ്ണൂരില്‍ നടന്ന 19 കൊലപാതകങ്ങളില്‍ രണ്ട് കൊലപാതകത്തിനു മാത്രമാണ് രാഷ്ട്രീയ നിറമുള്ളതെന്നാണ് പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

2018 ന്റെ തുടക്കത്തില്‍തന്നെ കണ്ണൂരില്‍ ഒരു കൊലപാതകം നടന്നിരുന്നു. എബിവിപി നേതാവ് ശ്യാമപ്രസാദ് ജനുവരി 19 നാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു കൊലപാതകത്തിനു പിന്നില്‍. സംഭവം നടന്നു രണ്ടു മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ശ്യാമപ്രസാദിന്റെ കൊലപാതകം നടന്നു ദിവസങ്ങള്‍ പിന്നിടുമ്പോഴാണു തിങ്കളാഴ്ച രാത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. ശുഹൈബിന്റെ കൊലപാതകം. ഇതോടെ കണ്ണൂരിലെ സാധാരണ ജനങ്ങള്‍ വീണ്ടും ഭീതിയിലായിരിക്കുന്നു. സമാധാന ശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി നടന്നാല്‍ മാത്രമേ കണ്ണൂരിന്റെ മണ്ണ് ശാന്തമാവുകയുള്ളൂ.