പുറത്തായ ധവാന് ‘റ്റാറ്റ’ പറഞ്ഞ റബാദക്ക് പിഴ

single-img
14 February 2018


പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദക്ക് ഇന്ത്യക്കെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ചട്ടലംഘനം നടത്തിയതിന് പിഴശിക്ഷ. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തായി മടങ്ങവേ കൈവീശിക്കാണിക്കുകയും താരത്തെ പ്രകോപിക്കാന്‍ സാധ്യതയുള്ള കമന്‍റ് പാസാക്കുകയും ചെയ്തതിനാണ് ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനം തുകയാണ് ഐ.സി.സി പിഴ വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്‍റും ലഭിച്ചു.

ഇന്ത്യന്‍ ഇന്നിങ്സിലെ എട്ടാം ഓവറിലായിരുന്നു സംഭവം. റബാദയുടെ പന്തില്‍ പുറത്തായി ധവാന്‍ മടങ്ങവേ ആയിരുന്നു ‘റ്റാറ്റ’ പറഞ്ഞതും കമന്‍റ് പാസാക്കിയതും. ഐ.സി.സി നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 2.1.7 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരത്തില്‍ എതിര്‍ ബാറ്റ്സ്മാന്‍ പുറത്താകുമ്പോള്‍ ആംഗ്യങ്ങള്‍കൊണ്ടോ സംസാരം കൊണ്ടോ അയാളെ പ്രകോപിപ്പിക്കുന്നത് ചട്ടലംഘനമാകുന്നതാണ് ഈ വകുപ്പ്.
ഇതോടെ റബാദക്ക് 2017 ഫെബ്രുവരിക്ക് ശേഷം ആകെ അഞ്ച് ഡീമെറിറ്റ് പോയിന്‍റുകളായി. 24 മാസത്തിനുള്ളില്‍ എട്ടിന് മുകളില്‍ ഡീമെറിറ്റ് പോയിന്‍റ് കിട്ടിയാല്‍ രണ്ട് ടെസ്റ്റിലോ ഒരു ടെസ്റ്റിലും രണ്ട് ഏകദിനത്തിലോ ടി20യിലോ അല്ലെങ്കില്‍ നാല് ഏകദിനത്തിലോ ടി20യിലോ വിലക്ക് ആണ് ശിക്ഷ.