അറസ്റ്റിലായ മലയാളി ബി.എസ്.എഫ് ഉദ്യോഗസ്ഥന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്

single-img
14 February 2018


കൊച്ചി: ആലപ്പുഴയില്‍ നിന്ന് 45 ലക്ഷം രൂപയുമായി അറസ്റ്റിലായ മലയാളി ബി.എസ്.എഫ് ഉദ്യോഗസ്ഥന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന് സി.ബി.ഐ.
ബി.എസ്.എഫില്‍ കമാന്‍ഡന്‍റായ ജിബു ഡി. മാത്യുവിന്‍െറ ക്രിമിനല്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങളാണ് സി.ബി.ഐ പുറത്തുവിട്ടത്. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലാണ് ജിബു സേവനമനുഷ്ഠിച്ചിരുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനും വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്നയാളുമായ ഷിബു ഷെയ്ക്കിന്‍െറ കൂട്ടാളിയാണ് ജിബു. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഇയാള്‍ സഹായം ചെയ്തിരുന്നു. ഇതിന് ലഭിച്ച കോഴയാണ് ജിബുവില്‍ നിന്ന് പിടിച്ചത്. ഇയാളുടെ ജാമ്യാപേക്ഷ കോടതിയില്‍ എത്താനിരിക്കെയാണ് സി.ബി.ഐ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ഏറെനാളായി സി.ബി.ഐ നിരീക്ഷണത്തിലായിരുന്നു ജിബു. ജനുവരി 30 ന് ആണ് ഷാലിമാര്‍ ട്രെയിനില്‍ പശ്ചിമബംഗാളില്‍ നിന്ന് വരികയായിരുന്ന ഇയാളില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വച്ച് സി.ബി.ഐ പണം പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കാന്‍ ഇയാള്‍ സമ്മതിക്കാതെ വന്നതിനെതുടര്‍ന്ന് ബലപ്രയോഗം നടത്തേണ്ടി വന്നിരുന്നു. വലിയ ട്രോളി ബാഗിലാണ് പ്ളാസ്റ്റിക് കവറില്‍ പണം സൂക്ഷിച്ചിരുന്നത്. പത്തനംതിട്ട എലന്തൂര്‍ സ്വദേശിയാണ് ജിബു ഡി മാത്യു.