ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഇരട്ട സഹോദരനെ ജയിലിലാക്കി യഥാര്‍ഥ പ്രതി മുങ്ങി; പിന്നീട് സംഭവിച്ചത്

single-img
14 February 2018

ലിമ: ഇരട്ട സഹോദരനെ ജയിലിലാക്കി ജയില്‍ അധികൃതരെ പറ്റിച്ച് മുങ്ങി നടന്ന തടവുകാരന്‍ ഒടുവില്‍ പിടിയിലായി. പെറുവിലെ ലിമയിലെ ജയിലിലാണ് സംഭവം. അലക്‌സാണ്ടര്‍ ഡെല്‍ഗാഡോയാണ് പിടിയിലായത്. ബാലപീഡനത്തിനും മോഷണക്കുറ്റത്തിനുമായിരുന്നു ഇയാള്‍ ജയിലിലടക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡെല്‍ഗാഡോയുടെ ഇരട്ട സഹോദരന്‍ ജിയാന്‍കാര്‍ലോ ജയില്‍ സന്ദര്‍ശിച്ചിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ കാണാതെ ജിയാന്‍ കാര്‍ലോയെ താന്‍ അണിഞ്ഞിരുന്ന ജയില്‍ വസ്ത്രം ഡെല്‍ഗാഡോ മാറ്റി അണിയിച്ചു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ജിയാന്‍ കാര്‍ലോയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ തിരിച്ചറിയുന്നത്.
തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 13 മാസത്തെ അന്വേഷണത്തിനൊടുവില്‍ ഡെല്‍ഗാഡോയെ തുറമുഖ നഗരമായ കല്ലോയില്‍ നിന്ന് പിടികൂടി.

ഇയാളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ആഭ്യന്തരമന്ത്രാലയം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡെല്‍ഗാഡോയെ സതേണ്‍ ഹൈലാന്‍ഡിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി. അതേസമയം ഇരട്ട സഹോദരനായ ജിയാന്‍ കാര്‍ലോയെ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്തുവരികയാണ്. ഡെല്‍ഗാഡോയെ രക്ഷപ്പെടുത്താന്‍ സഹായിച്ച കുറ്റത്തിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.