ഭീകരരുടെ വെടിയുണ്ടകള്‍ക്ക് തോല്‍പ്പിക്കാനായില്ല ആ അമ്മയെയും കുരുന്നുജീവനെയും; കാശ്മീരില്‍ ഒരു അദ്ഭുത ജനനം

single-img
14 February 2018


ജമ്മു: പരി എന്നാല്‍ മലാഖ. ഭീകരരുടെ പൈശാചികതയും മരണത്തിന്‍െറ നൂല്‍പ്പാലവും കടന്ന് ജീവിതത്തിന്‍െറ എല്ലാ ശുഭപ്രതീക്ഷകളുമായി തങ്ങളുടെ ജീവിതത്തിലേക്ക് വന്ന കാവല്‍ മാലാഖക്ക് ആ പേരിനെക്കാള്‍ മികച്ചൊരു സമ്മാനം ആ മാതാപിതാക്കള്‍ക്ക് നല്‍കാനില്ല. സുഞ്ജുവാന്‍ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിനെ ‘തോല്‍പ്പിച്ച’ പെണ്‍കുഞ്ഞാണ് പരി. അദ്ഭുതം എന്ന് മാത്രം വിശേഷിപ്പിക്കാവുന്നതാണ് പരിയുടെ ജനനം.

സൈനിക കുടുംബങ്ങള്‍ക്ക് നേരെ ശനിയാഴ്ച ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ ഭീകരരുടെ അത്യാധുനിക തോക്കില്‍ നിന്ന് പാഞ്ഞുവന്ന വെടിയുണ്ട റൈഫിള്‍മാന്‍ നസീര്‍ അഹ്മദ് ഖാന്‍െറ ഭാര്യയായ ഷഹ്സാദ ഖാന്‍െറ അരക്കെട്ടിലാണ് തുളച്ചുകയറിയത്. 28 ആഴ്ച പ്രായമുള്ള കുരുന്നു ജീവനെ വയറ്റില്‍ പേറിയിരുന്ന ഷഹസാദിനെ രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ആക്രമണവും പ്രത്യാക്രമണവും നടക്കുന്നതിനിടയില്‍ ഷെഹ്സാദിനെ രക്ഷപ്പെടുത്തിയ സൈന്യം, ഉടന്‍ ഹെലികോപ്റ്ററില്‍ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന്‍െറ ഫലമായി സിസേറിയനിലൂടെ ശനിയാഴ്ച രാത്രിയില്‍ തന്നെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. ജനിച്ചപ്പോള്‍ രണ്ടര കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നു.
‘‘ വെല്ലുവിളി നിറഞ്ഞ കേസാണ് ഡോക്ടമാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. അരക്കെട്ടില്‍ വെടിയേറ്റ ഷഹസാദിന്‍െറ നില ഗുരുതരമായിരുന്നു. അതോടൊപ്പം കുഞ്ഞിന്‍െറ ഹൃദയമിടിപ്പും താഴ്ന്നുകൊണ്ടിരുന്നു. വെടിയുണ്ടയേറ്റ മുറിവുകള്‍ പരിചരിക്കുന്നതിനൊപ്പം തന്നെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും ചെയ്യേണ്ട അവസ്ഥയായിരുന്നു’’ -പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഷഹസാദും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. തന്നെയും കുഞ്ഞിനെയും രക്ഷിച്ചതിന് ആശുപത്രി ടീമിനോട് നന്ദി പറയുകയാണ് ഷഹസാദ് ഇപ്പോള്‍.