ആയുധമെടുക്കാന്‍ സി.പി.എം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരന്‍: സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വി.ഡി. സതീശന്‍

single-img
14 February 2018


യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബി (29)ന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ആയുധമെടുക്കാന്‍ സി.പി.എമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷുഹൈബിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനറിയാതെ കണ്ണൂരില്‍ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ഈ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ അദ്ദേഹം തയാറാണോ എന്നു വ്യക്തമാക്കണം. കൊലപാതകം നടത്താന്‍ സിപിഎം ജില്ലയില്‍ കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.

ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദി സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങള്‍ ചെയ്യാറില്ല. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരന്‍മാര്‍പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും’ അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ശുഹൈബിന്റെ കൊലയാളികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഉപവാസ സമരം രാവിലെ 10നാണ് ആരംഭിച്ചത്. ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി സമരം ഉദ്ഘാടനം ചെയ്യും.

അതേസമയം, കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റു ചികില്‍സയിലുള്ളവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും അക്രമിസംഘത്തെക്കുറിച്ച് ഒരു വിവരവും പൊലീസിനു കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആരോപണമുണ്ട്.

തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്.

ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ഇന്നു കണ്ണൂര്‍ ജില്ലയില്‍ പഠിപ്പു മുടക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.