കാണാതായ ഭാര്യയെ തേടി ഭര്‍ത്താവ് സൈക്കിളില്‍ അലഞ്ഞത് 600 കിലോമീറ്റര്‍; അതും 24 ദിവസം

single-img
14 February 2018

കാണാതായ ഭാര്യയെ തേടി ഭര്‍ത്താവ് സൈക്കിളില്‍ അലഞ്ഞത് 600 കിലോമീറ്റര്‍. അതും 24 ദിവസം. ഝാര്‍ഖണ്ഡ് സ്വദേശിയായ മനോഹര്‍ നായികാണ്(42) ഭാര്യ അനിതയെ തേടി അലഞ്ഞത്. അലച്ചിലിനൊടുവില്‍ പശ്ചിമബംഗാളിലെ ഖര്‍ഗാപൂരില്‍ വച്ച് മനോഹര്‍ അനിതയെ കണ്ടുമുട്ടി.

ഒഡിഷയില്‍ കൂലിവേല ചെയ്യുകയാണ് മനോഹര്‍. ജനുവരി 14നാണ് അനിതയെ കുമ്രസോള്‍ ഗ്രാമത്തിലുള്ള സ്വന്തം വീട്ടില്‍ നിന്നും കാണാതാകുന്നത്. മകര സംക്രാന്തിക്ക് പോയതായിരുന്നു അനിത. രണ്ട് ദിവസം കഴിഞ്ഞിട്ടും അനിത മടങ്ങിവരാതായതോടെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മനോഹര്‍ മുഷാബാനി, ദുമാരിയ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി.

തന്റെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മനോഹര്‍ തന്നെ ഭാര്യയെ അന്വേഷിച്ചിറങ്ങിയത്. മുഷാബാനിയിലെ ബാലിഗോഡ ഗ്രാമത്തില്‍ നിന്നാണ് മനോഹര്‍ സൈക്കിളില്‍ യാത്ര തുടങ്ങിയത്. എല്ലാ ദിവസവും 25 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി, 65 ഗ്രാമങ്ങളില്‍ കയറിയിറങ്ങി.

ചെറിയ മാനസിക പ്രശ്‌നമുള്ള അനിതയ്ക്ക് ശരിക്ക് സംസാരിക്കാനും കഴിവില്ലായിരുന്നു. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അനിതയെ കണ്ടെത്തുക എന്ന ലക്ഷ്യമായിരുന്നു മനോഹറിന്. യാത്രക്കിടയില്‍ സൈക്കിള്‍ കേടാകും, അത് നന്നാക്കി മനോഹര്‍ പിന്നെയും യാത്ര തുടരും.

എത്ര ദൂരം താണ്ടിയെന്ന് പോലും താന്‍ ശ്രദ്ധിച്ചില്ലെന്ന് മനോഹര്‍ പറയുന്നു. പ്രാദേശിക പത്രങ്ങളില്‍ കാണ്‍മാനില്ല കോളത്തില്‍ പരസ്യം കൊടുത്തിരുന്നു. ഒടുവില്‍ ഖര്‍ഗാപൂരില്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന അനിതയെ കണ്ട് സംശയം തോന്നിയ പൊലീസുകാര്‍ മുഷാബാനി പൊലീസ് സ്റ്റേഷനിലേക്ക് അനിതയുടെ ഫോട്ടോ അയക്കുകയായിരുന്നു.

പൊലീസുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരുടെയും ആധാര്‍ കാര്‍ഡുമായി മനോഹര്‍ ഉടനെ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. ഫെബ്രുവരി 10നാണ് അനിതയെ കണ്ടെത്തിയതെന്ന് മുഷാബാനി എസ്എച്ച്ഒ സുരേഷ് ലിന്‍ഡ പറഞ്ഞു.