വീടിന്റെ ചുമരില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് ഭീതിയുണ്ടാക്കാന്‍ ശ്രമം: കണ്ണൂരില്‍ കുട്ടികള്‍ പിടിയില്‍

single-img
14 February 2018


കണ്ണൂര്‍ പയ്യന്നൂരിലാണ് വീടിന്റെ ചുമരില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് ഭീതിയുണ്ടാക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികള്‍ പിടിയിലായത്. കുട്ടികള്‍ സ്റ്റിക്കര്‍ ഒട്ടിച്ച വീട്ടിലെ കൂട്ടുകാരനുമായി തെറ്റിപ്പിരിഞ്ഞിരുന്നു. കൂട്ടുകാരനെ പേടിപ്പിക്കാന്‍ വീടിന്റെ ചുവരില്‍ സ്റ്റിക്കറൊട്ടിച്ച കുട്ടി കുസൃതിക്കാര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

രാത്രി 11.30ന് വെള്ളൂര്‍ ആലിന്‍കീഴിലെ ഒരു വീട്ടിലാണ് സംഭവം. ഗൃഹനാഥന്റെ മകന്റെ സുഹൃത്തുക്കളായ രണ്ടുപേരാണ് സംഭവത്തില്‍ പിടിയിലായത്. ചുമരില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ വരുന്നത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പെട്ടതാണ് കുട്ടികളെ കുരുക്കിയത്.

അടുത്ത കാലത്ത് വീടിന്റെ ജനലിലും ചുവരിലും സ്റ്റിക്കര്‍ ഒട്ടിക്കുന്നത് കുട്ടികളെ തട്ടികൊണ്ടുപോകുന്നതിനും, മോഷണത്തിനുമാണെന്ന വാര്‍ത്തകള്‍ ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. അത് മുതലെടുത്ത് കുട്ടികള്‍ കൂട്ടുകാരനെ ഭയപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വാഹനങ്ങളുടെ ട്യൂബിന്റെ ചതുരാകൃതിയിലുള്ള കഷ്ണത്തില്‍ പശതേച്ചാണ് ചുവരില്‍ ഒട്ടിച്ചിരുന്നത്. സ്റ്റിക്കറൊട്ടിച്ച വീട്ടിലെ കുട്ടി അടുത്തകാലത്തായി സ്റ്റിക്കറൊട്ടിച്ച കൂട്ടുകാരുമായി കൂട്ടുകൂടാത്തതാണ് പ്രശ്‌നത്തിന് കാരണം. അതിന്റെ പേരില്‍ പേടിപ്പിക്കാനാണ് വീടിന്റെ ചുവരില്‍ സ്റ്റിക്കറൊട്ടിച്ചതെന്നാണ് കുട്ടി കുറ്റവാളികള്‍ പോലീസിനോട് പറഞ്ഞത്.