യു.എ.ഇയില്‍ ഹരിത ശോഭ പകര്‍ന്ന് ഒരു മലയാളി വീട്ടമ്മ

single-img
14 February 2018

അബുദാബി: ചെടികളെ വാനോളം സ്‌നേഹിക്കുന്ന ഒരു വീട്ടമ്മ ഉണ്ട് അബുദാബിയില്‍. അബുദാബി മിനയിലെ സസ്യപുഷ്പ മാര്‍ക്കറ്റിലെ ഏക സ്ത്രീ സാന്നിധ്യമാണ് കോട്ടയം സ്വദേശി അന്നമ്മ വര്‍ഗീസ്. അബുദാബിയിലെ ഹൃദയ ഭാഗത്തുള്ള മിനയില്‍ അന്‍പതില്‍ പരം സസ്യപുഷ്പ മാര്‍ക്കറ്റുകളാണുള്ളത്.

രണ്ടായിരത്തി ഒന്നിലാണ് അന്നമ്മയും ഭര്‍ത്താവ് വര്‍ഗീസും കച്ചവടം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷം മുന്നേ വര്‍ഗീസ് മരണപെട്ടു. മരണ ശേഷവും അന്നമ്മ ധൈര്യ പൂര്‍വം കച്ചവടം മുന്നോട്ട് കൊണ്ട് പോയി. ഭര്‍ത്താവ് വര്‍ഗീസിന്റെ സ്വപ്നവും, പ്രതീക്ഷയും ഒക്കെ ആയിരുന്നു ഈ കച്ചവടം.

അതുകൊണ്ടു തന്നെ അന്നമ്മ ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷവും മകന്റെ പൂര്‍ണ്ണ പിന്തുണയോടെ കച്ചവടം നടത്തുന്നു. ഭര്‍ത്താവ് വര്‍ഗീസിന്റെ കാര്‍ഷിക വകുപ്പിലെ ജോലിയും, നാട്ടിലെ കോട്ടയം മണ്ണിലെ കൃഷിയുമെല്ലാം അബുദാബിയിലെ സസ്യ കച്ചവടത്തിന് മുതല്‍ക്കൂട്ടായിമാറുകയായിരുന്നു.

തണുപ്പ് കാലമായതോടെ കൂടുതല്‍ കച്ചവടം നടക്കും. ചെടികള്‍ വെച്ചുപിടിപ്പിക്കാനും, വേഗത്തില്‍ വേരുപിടിക്കാനുമെല്ലാം ഉചിതമായ കാലാവസ്ഥയാണ്. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ കച്ചവടം പൊടിപൊടിക്കും. എട്ടു ജീവനക്കാരുണ്ട് ഇപ്പോള്‍ ഈ കടയില്‍.

യു.എ.ഇ യുടെ വിവിധമേഖലകളില്‍ ഹരിത ശോഭ പകരാനും ഇവര്‍ക്കായിട്ടുണ്ട്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍, കൊട്ടാരങ്ങള്‍, പ്രധാന പാതകള്‍ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ചപ്പ് വരുത്തിയിട്ടുണ്ട് അന്നമ്മയും സംഘവും. തായ്‌ലന്റില്‍ നിന്നാണ് ഓര്‍ക്കിഡ് എത്തുന്നത്. മണ്ണ് പ്രധാനമായും ഹോളണ്ട്, ജര്‍മനിയില്‍ നിന്നുമാണ് എത്തുന്നത്.

ചെടി ചട്ടി ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും ഉള്ള അല്‍ഫോന്‍സാ മാവ് പ്ലാന്‍സിനു ആണ് ആവശ്യക്കാര്‍ ഏറെ. ഇപ്പോള്‍ കെട്ടിടത്തിന് അകത്തു വളര്‍ത്തുന്ന ചെടികള്‍ക്കും, ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ തൈകള്‍, തായ്‌ലന്റില്‍ നിന്നുള്ള പച്ചക്കറി തൈകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.