യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ

single-img
13 February 2018

യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു

കണ്ണൂർ :മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂർ സ്കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ആണ് മരിച്ചത്. പ്രവർത്തകരായ രണ്ടു പേർക്കു പരുക്കേറ്റു. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കൊലപാതകത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം.

എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്.

മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.