കക്കൂസ് നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താന്‍ വീട്ടമ്മ ഭിക്ഷ യാചിച്ചിറങ്ങി

single-img
13 February 2018

പട്‌ന: ബിഹാറില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ ഭിക്ഷ യാചിച്ച് വീട്ടമ്മ.സുപൗള്‍ ജില്ലയിലെ പിപ്ര ബ്‌ളോക്കിലെ പത്രഉതര്‍ ഗ്രാമത്തിലെ അമിന ഖതൂന്‍ എന്ന യുവതിയാണ് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താനായി ഭിക്ഷയെടുത്തത്.

അടുത്ത ഗ്രാമങ്ങളിലെ വീടുകളിലാണ് ഇവര്‍ ഭിക്ഷയ്‌ക്കെത്തിയത്. വിധവയായ അമിനയ്ക്ക് ഒരു മകനാണുള്ളത്. കൂലിപ്പണി ചെയ്താണ് അമിന നിത്യവൃത്തിക്കുള്ള വഴി കണ്ടെത്തുന്നത്. തനിക്ക് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള പണം ജോലിചെയ്ത് കണ്ടെത്താനാകില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അമിന പണപ്പിരിവിന് ഇറങ്ങിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ കൂലി വാങ്ങാതെ കക്കൂസ് നിര്‍മിച്ചുനല്‍കി. വിവരമറിഞ്ഞ ജില്ലാ ഭരണകൂടം നാല്‍പ്പതുകാരിയായ അമിനയെയും തൊഴിലാളികളെയും അഭിനന്ദിക്കാന്‍ ഗ്രാമത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കക്കൂസ് നിര്‍മ്മിക്കാന്‍ സഹായം ആവശ്യപ്പെട്ട് അമിന ബ്‌ളോക്ക് അധികൃതരെ കണ്ടെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. മറ്റ് മാര്‍ഗമില്ലെന്ന് കണ്ടതോടെയാണ് ഭിക്ഷ യാചിക്കാന്‍ അമിന ഇറങ്ങിയത്.